Sorry, you need to enable JavaScript to visit this website.

സെൻകുമാറിനെ ഡി.ജി.പിയായി ഉടൻ പുനർനിയമിക്കും

തിരുവനന്തപുരം- ഡി.ജി.പി സ്ഥാനത്ത് ടി.പി സെൻകുമാറിനെ വീണ്ടും നിയമിച്ചുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.   ഇന്നോ നാളെയോ സെൻകുമാറിനെ ഡി.ജി.പിയായി പുനർനിയമിക്കും. ഇക്കാര്യത്തിൽ തിരക്കിട്ട ചർച്ചകൾ നടന്നുവരികയാണ്. നിലവിലുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് നൽകേണ്ട പദവി സംബന്ധിച്ചുള്ള അവ്യക്തതയും നിലനിൽക്കുന്നുണ്ട്. 
സെൻകുമാറിനെ ഡി.ജി.പിയായി പുനർനിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ കേരള സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചിരുന്നില്ല. ഹരജി നൽകിയ കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിൽനിന്ന് സെൻകുമാറിന്റെ അഭിഭാഷകർ അവസാന നിമിഷം പിൻമാറുകയായിരുന്നു. ഇതാണ് കേസ് പരിഗണിക്കാതിരിക്കാൻ കാരണം. സെൻകുമാറിന് പുനർനിയമനം നൽകാതെ സംസ്ഥാന സർക്കാർ സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി ഇന്ന് പരിഗണിക്കുന്നതിന് വേണ്ടി സുപ്രീം കോടതിയിൽ സെൻകുമാറിന്റെ അഭിഭാഷകർ എത്തിയിരുന്നു. എന്നാൽ, ഹരജി പരിഗണിക്കുന്നതിനായി ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ സെൻകുമാറിന്‍റെ അഭിഭാഷകർ പെടുത്തിയില്ല. സെൻകുമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് തൽക്കാലം പിൻവാങ്ങിയത് എന്നാണ് അഭിഭാഷകർ നൽകിയ സൂചന. 
കേരളത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റയുടൻ ഡി.ജി.പി സ്ഥാനത്ത്‌നിന്ന് ടി.പി സെൻകുമാറിനെ മാറ്റിയിരുന്നു. ജിഷ വധക്കേസ്, പുറ്റിങ്ങൽ വെടിക്കെട്ടപകടം എന്നീ കേസുകൾ അന്വേഷിച്ചതിൽ വീഴ്ച്ചവരുത്തിയെന്നാരോപിച്ചായിരുന്നു സെൻകുമാറിനെ മാറ്റിയത്. എന്നാൽ ഇത് സുപ്രീം കോടതി അംഗീകരിച്ചില്ല. തുടർന്നാണ് സെൻകുമാറിന് പുനർനിയമനം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
 

Latest News