ന്യൂദൽഹി- സംസ്ഥാന സർക്കാറിനെതിരെ മുൻ ഡി.ജി.പി ടി.പി സെൻകുമാർ വീണ്ടും സുപ്രീം കോടതിയിൽ. ഡി.ജി.പിയായി പുനർനിയമനം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നതിനെതിരെയാണ് പരാതി നൽകിയത്. സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിർകക്ഷിയാക്കിയാണ് കേസ് നൽകിയത്. ഡി.ജി.പി സ്ഥാനത്ത് തനിക്ക് നഷ്ടമായ ഒരു വർഷത്തോളമുള്ള കാലാവധി നീട്ടി നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ 24-നാണ് സെൻകുമാറിനെ ഡി.ജി.പിയായി പുനർനിയമിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നാൽ ഇതേവരെ ഇതിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും സെൻകുമാർ പരാതിയിൽ ആരോപിച്ചു.
തന്നെ ഡി.ജി.പി സ്ഥാനത്ത്‌നിന്ന് നീക്കാൻ കരുനീക്കിയത് ഇപ്പോഴുള്ള ചീഫ് സെക്രട്ടറിയാണെന്നും ഇവർ തന്നെയാണ് തന്റെ പുനർനിയമനം വൈകിപ്പിക്കുന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞത്. സുപ്രീം കോടതി ഉത്തരവ് സംബന്ധിച്ച് അവ്യക്തയുണ്ടെന്നാണ് സർക്കാർ നിലപാട്.