പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയുടെ മുഖം മിനുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂമി വിലയുള്ള പ്രദേശങ്ങളിലൊന്നായ ബാന്ദ്ര കുര്‍ല കോംപ്‌ളക്‌സിനടുത്തുള്ള ധാരാവി നവീകരിച്ച് 535 ഏക്കറോളം വരുന്ന വിപണന സമുച്ചയങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി.
ധാരാവി പുനഃനിര്‍മ്മിക്കാന്‍ 2004 മുതല്‍ ആലോചിച്ചിരുന്നു. പണ്ടു തവണ ആഗോള ടെണ്ടര്‍ വിളിച്ചുവെങ്കിലും തണുത്ത പ്രതികരണമായിരുന്നു. അവസാന ശ്രമമെന്നോണം പദ്ധതിയില്‍ സാമ്പത്തിക സാങ്കേതിക മാറ്റങ്ങള്‍ സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്.
സ്വകാര്യ മേഖലയുടെ സഹായത്തോടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയില്‍ സര്‍ക്കാരിന് 20 ശതമാനം ഓഹരിയുണ്ടാകും. പദ്ധതിക്ക് 26,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ആദ്യ ഘട്ട നിക്ഷേപം ഏഴ് വര്‍ഷത്തിനുള്ള പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പദ്ധതി പൂര്‍ത്തിയാകാന്‍ 25 വര്‍ഷമെടുക്കും.