10 കോടിയുടെ ലോട്ടറിയടിച്ചിട്ടും അതു പത്തുമാസത്തോളം അറിയാതിരിക്കുക ലോട്ടറിയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ അത് കണ്ടെത്തുക. ഒരു തവണയല്ല രണ്ടുതവണയാണ് കാനഡ സ്വദേശിയായ ഗ്രിഗോറിയോ ഡി സാന്റിസിനെ ഭാഗ്യം കടാക്ഷിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ഇയാള്‍ ലോട്ടറി എടുക്കുന്നത്. ലോട്ടറി ടിക്കറ്റ് ജീന്‍സിന്റെ പോക്കറ്റില്‍ ഭദ്രമായി സൂക്ഷിച്ചുവക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ലോട്ടറി എടുത്ത കാര്യം തന്നെ ഇയാള്‍ മറന്നു പോയി. ഡിസംബര്‍ ആറിന് തന്നെ ലോട്ടറി ഫലം പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും ഗ്രിഗോറിയോ ശ്രദ്ധിച്ചതുമില്ല. നാലു ടിക്കറ്റുകള്‍ക്കാണ് ഒന്നാം സമ്മാനം അടിച്ചത്. ഇതില്‍ മൂന്നുപേരും സമ്മാനം സ്വന്തമാക്കുകയും ചെയ്തു
എന്നാല്‍ ഇതുകൊണ്ടൊന്നും ഭാഗ്യദേവത ഗ്രിഗോറിയോയെ വിട്ടുപോകാന്‍ തയ്യാറായിരുന്നില്ല. അലമാരയില്‍ അലങ്കോലമായി കിടക്കുന്ന വസ്ത്രങ്ങള്‍ അടുക്കിവക്കാന്‍ സഹോദരി ഗ്രിഗോറിയോയോട് പറഞ്ഞു. ഇങ്ങനെ വസ്ത്രത്തില്‍ ഒതുക്കുന്നതിനിടെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും ടിക്കറ്റ് കിട്ടി. വെറുതെ ടിക്കറ്റിന് എന്തെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടോ എന്ന് പരിശോധികാന്‍ അടുത്തുള്ള കടയിലെ ഡിസ്‌പ്ലേ ബോര്‍ഡില്‍ നോക്കിയ ഗ്രിഗോറിയോ ഞെട്ടി.
കാനഡയിലെ നിയമപ്രകാരം ലോട്ടറി ടിക്കറ്റുകളൂടെ സമ്മാനത്തുക സ്വീകരിക്കാന്‍ ഒരു വര്‍ഷംവരെ സമയം ഉണ്ട്. ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് ലോട്ടറി റിക്കറ്റ് കണ്ടുകിട്ടിയത്. വസ്ത്രങ്ങള്‍ അടുക്കിവെക്കാന്‍ നിര്‍ദേശിച്ച സഹോദരിയോട് നന്ദിയുണ്ടെന്ന് ഗ്രിഗോറിയോ പറഞ്ഞു.