ലണ്ടനിലെ തിരക്കേറിയ വിക്ടോറിയ സ്‌റ്റേഷനില്‍ വൈദ്യുതി നിലച്ചതോടെ ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി. പാഡിങ്ടണിനും റീഡിങ്ങിനും ഇടയില്‍ ട്രെയിനുകള്‍ കുടുങ്ങി. വൈദ്യുതി നിലച്ചപ്പോള്‍ വിവരങ്ങള്‍ നല്‍കുന്ന ഇവിടുത്തെ ഇലക്ട്രോണിക് ബോര്‍ഡുകള്‍ മാഞ്ഞതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു. വൈദ്യുതി ഇല്ലാതായതോടെ നിരവധി ട്രെയിനുകളാണ് സമയം വൈകിയോടിയത്.
ഇലക്ട്രോണിക് ബോര്‍ഡുകള്‍ മാഞ്ഞതോടെ തങ്ങള്‍ക്ക് പോകേണ്ട ട്രെയിനുകളെ കുറിച്ച് വിവരം ലഭിക്കാതെ യാത്രക്കാര്‍ സ്‌റ്റേഷനിലൂടെ പരക്കം പാഞ്ഞു. സതേണ്‍ റെയില്‍വേ, സൗത്ത് ഈസ്‌റ്റേണ്‍, തെയിംസ് ലിങ്ക്, ഗാത്വിക്ക് എക്‌സ്പ്രസ് എന്നിവ പല സര്‍വീസുകളും നിര്‍ത്തിവച്ചു.ക്രോയ്‌ഡോണിനും വിക്ടോറിയക്കും ഇടയിലും പല സര്‍വീസുകളും നിര്‍ത്തിവയ്ക്കുകയോ വൈകുകയോ ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് വൈദ്യുതി ബന്ധം താറുമാറായത്. പ്രതിദിനം രണ്ടുലക്ഷത്തിലേറെ യാത്രക്കാരണ് ലണ്ടന്‍ വിക്ടോറിയ സ്‌റ്റേഷന്‍ ഉപയോഗിക്കുന്നത്.