മീറത്ത്- ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി ബ്രഹ്മോസ് മിസൈലുകള്‍ നിര്‍മ്മിക്കുന്ന മഹാരാഷ്ട്രയിലെ ബ്രഹ്മോസ് എയറോസ്‌പേസ് ലിമിറ്റഡില്‍ പാക്കിസ്ഥാനുവേണ്ടി നടത്തിയ ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ സൈനികനെ കൂടി ഉത്തര്‍ പ്രദേശ് പോലീസ് മീറത്തില്‍ നിന്ന് പിടികൂടി. സിഗ്നല്‍ റെജിമെന്റിന്റെ ഭാഗമായിരുന്ന ഇയാല്‍ പത്തു വര്‍ഷമായി സൈന്യത്തില്‍ സേവനം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ മൂന്നുമാസമായി സൈന്യത്തിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. സുപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാനു വേണ്ടി ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ബ്രഹ്മോസില്‍ എഞ്ചിനീയറായിരുന്ന നിഷാന്ത് അഗവര്‍വാളിനെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്ക് വഴി പാക്കിസ്ഥാനിലെ രണ്ടു പേരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടു വരുന്നതിനിടെയാണ് വലയിലായത്. ഈ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി അഗര്‍വാള്‍ പാക്കിസ്ഥാന്‍ ചാരന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യു.പി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പറയുന്നു.