ന്യുദല്‍ഹി- #MeToo ലൈംഗിക പീഡന വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ മറ്റൊരു മാധ്യമപ്രവര്‍ത്ത കൂടി വെളിപ്പെടുത്തലുമായി രംഗത്തെത്തി. അക്ബര്‍ പ്രതികാരമെന്നോണം കേസ് നടപടികളുമായി മുന്നോട്ടു പോകുന്നത് കൂസാതെയാണ് കഴിഞ്ഞ ദിവസം രണ്ടു വനികള്‍ കൂടി അക്ബറില്‍ നിന്നേറ്റ പീഡനം വെളിപ്പെടുത്തിയത്. കൊല്‍ക്കത്തയില്‍ ടെലഗ്രാഫ് പത്രത്തില്‍ ട്രെയ്‌നിയായിരിക്കെ ജോലിയുണ്ടെന്ന് പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും അവിടെ എത്തിയപ്പോള്‍ അടിവസ്ത്രം മാത്രമണിഞ്ഞ് സ്വീകരിച്ചെന്നും മാധ്യമപ്രവര്‍ത്തകയായ തുശിത പട്ടേല്‍ വെളിപ്പെടുത്തി. 1990കളിലാണ് സംഭംവം. അന്ന് തനിക്ക് 22 വയസ്സായിരുന്നുവെന്നും തുശിത പറയുന്നു. ഇതിനു പുറമെ ഹൈദരാബാദില്‍ ഡെക്കാന്‍ ക്രോണിക്ക്‌ളില്‍ ജോലി ചെയ്യുന്നതിനിടെ അക്ബര്‍ തന്നെ രണ്ടുതവണ ബലമായി ചുംബിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.
അക്ബറിന്റെ ലൈംഗിക പീഡനം ആദ്യമായി വെളിപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ ഒരു പ്രമുഖ നിയമ സ്ഥാപനത്തെ ഉപയോഗിച്ചാണ് അക്ബര്‍ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്. ഈ കേസില്‍ അക്ബറുമായി ഏറ്റുമുട്ടുമെന്ന് പ്രിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരകളെ അവഹേളിക്കുന്ന അക്ബറിന്റെ സമീപനത്തിനെതിരെയും പ്രതിഷേധമുണ്ട്.
സ്വാതി ഗൗതം എന്ന ഒരു ബിസിനസുകാരിയും അക്ബറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ സെന്റ് സേവ്യേഴ്‌സ് കോളെജിലെ ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ ചെന്നപ്പോള്‍ ഹോട്ടല്‍ മുറിയില്‍ ബാത്ത്‌റോബ് മാത്രമണിഞ്ഞാണ് സ്വീകരിച്ചതെന്നും മദ്യപിക്കാന്‍ പ്രേരിപ്പിച്ചെന്നും സ്വാതി ഗൗതം വെളിപ്പെടുത്തി.