Sorry, you need to enable JavaScript to visit this website.

മന്ത്രി അക്ബറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി

ന്യൂദൽഹി- ലൈംഗിക അപവാദത്തിൽ ഉൾപ്പെട്ട വിദേശ സഹമന്ത്രി എം.ജെ. അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവർത്തകരുടെ സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പരാതി നൽകി. തനിക്കെതിരായ ആരോപണങ്ങളിൽ മന്ത്രി എന്തു നിയമ നടപടികളിലേക്കു നീങ്ങിയാലും നിലവിലെ സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തു തുടരുന്നത് ശരിയല്ല. ആരോപണങ്ങളുടെ മേൽ നടക്കുന്ന അന്വേഷണങ്ങളിൽ മന്ത്രിയെന്ന നിലയിൽ സ്വാധീനം ചെലുത്താൻ കഴിയും. ഇത്തരം വിഷയങ്ങളിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണങ്ങളിലൂടെ നീതി ഉറപ്പു വരുത്തണമെന്നും നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇൻ ഇന്ത്യ (എൻ.ഡബ്ല്യൂ.എം.ഐ) രാഷ്ട്രപതിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. 

തനിക്കെതിരായ ആരോപണങ്ങളിൽ എം.ജെ. അക്ബർ നൽകിയ മാനനഷ്ടക്കേസ് ദൽഹി പട്യാല ഹൗസ് കോടതി വ്യാഴാഴ്ച പരിഗണിക്കും. അധികാരത്തിലിരിക്കുന്ന ശക്തരായ പുരുഷൻമാർക്ക് നേരെ ഉയർന്ന ആരോപണങ്ങളെ നിശ്ശബ്ദമാക്കുന്നതിനാണ് മാനനഷ്ടക്കേസിലേക്ക് അക്ബർ നീങ്ങിയതെന്നും എൻ.ഡബ്ല്യൂ.എം.ഐ വിശദീകരിക്കുന്നു. ഇത് തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ചു തുറന്നു പറയുന്ന വനിതകളെ നിശ്ശബ്ദരാക്കുന്നതിനാണ്. മാത്രമല്ല, അതിക്രമങ്ങൾ നേരിട്ടിട്ടുള്ള വനിതകൾ കൂടുതൽ തുറന്നു പറച്ചിൽ നടത്താതിരിക്കാൻ വേണ്ടിയാണെന്നും എൻ.ഡബ്ല്യൂ.എം.ഐ പറയുന്നു. അക്ബറിനെതിരേ ആദ്യം ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയ രമണിക്കെതിരായ കേസ് പിൻവലിക്കണം. അക്ബറിനെതിരെയും മറ്റു പ്രമുഖർക്കെതിരെയും ലൈംഗിക ആരോപണം ഉന്നയിച്ച എല്ലാ സ്ത്രീകൾക്കും സർക്കാർ പിന്തുണ ഉറപ്പു നൽകണമെന്നും എൻ.ഡബ്ല്യൂ.എം.ഐ പരാതിയിൽ ആവശ്യപ്പെട്ടു. 

അതേസമയം, എം.ജെ. അക്ബറിനെതിരേ ലൈംഗിക ആരോപണവുമായി പതിനാറാമത്തെ വനിതയും രംഗത്തെത്തി. മാധ്യമ പ്രവർത്തകയായ തുഷിത പട്ടേൽ ആണ് മന്ത്രിക്കെതിരേ ആരോപണവുമായി ഏറ്റവും ഒടുവിൽ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. മറ്റാരിൽനിന്നോ തന്റെ ഫോൺ നമ്പർ വാങ്ങിയിരുന്ന അക്ബർ നിരന്തരം വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒരിക്കൽ കൊൽക്കത്തയിലായിരിക്കുമ്പോൾ അക്ബർ താമസിച്ച ഹോട്ടലിൽ പോകേണ്ടി വന്നു. വാതിലിൽ മുട്ടിയപ്പോൾ അടിവസ്ത്രമിട്ടുകൊണ്ടാണ് അക്ബർ വാതിൽ തുറന്നത്. താൻ ഭയപ്പെട്ട് വാതിൽക്കൽ തന്നെ നിന്നു. കുറച്ചധിക നേരം അതേ വേഷത്തിൽ നിന്ന ശേഷമാണ് അക്ബർ അകത്തു പോയി ഒരു ടവ്വൽ ധരിച്ചത്. അന്ന് 22 വയസ്സേ തനിക്കുണ്ടായിരുന്നുള്ളൂ. 

പിന്നീടൊരിക്കൽ ഡെക്കാൺ ക്രോണിക്കിളിൽ സബ് എഡിറ്ററായി ജോലി ചെയ്തിരുന്ന കാലത്ത് അക്ബർ പിന്നിലൂടെ വന്ന് അപ്രതീക്ഷിതമായി കടന്നു പിടിച്ചു ചുംബിച്ചു. ഞെട്ടിത്തരിച്ചു പോയ താൻ പുറത്തിറങ്ങി നിലവിളിച്ചുകൊണ്ട് ഒരു ഓട്ടോ റിക്ഷയിൽ കയറി പോകുകയായിരുന്നു. പിന്നീട് മറ്റുള്ളവരുടെ സാന്നിധ്യത്തിലല്ലാതെ അക്ബറുമായി കൂടിക്കാഴ്ചക്കുള്ള അവസരങ്ങൾ പരമാവധി ഒഴിവാക്കി. എന്നാൽ ഒരിക്കൽ റിസപ്ഷനിൽ കണ്ടുമുട്ടിയപ്പോൾ ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറഞ്ഞു കോൺഫറൻസ് മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ബലമായി ചുംബിച്ചുവെന്നും തുഷിത വിവരിച്ചു.
പല മാധ്യമ സ്ഥാപനങ്ങളുടെയും തലപ്പത്തു പ്രവർത്തിച്ചിരുന്ന കാലത്ത് എം.ജെ. അക്ബറിന്റെ കാബിനുള്ളിൽ തന്നെയും ഗസാല വഹാബിനെയും കൂടാതെ നിരവധി വനിതകൾക്കു ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും തുഷിത പട്ടേൽ തുറന്നു പറയുന്നു. 

Latest News