പൂനെ- ഗുജറത്തിലെ നര്‍മദയില്‍ അടുത്തുതന്നെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏകതാപ്രതിമയുടെ ചുവട്ടില്‍ 1948 ല്‍ ആര്‍.എസ്.എസിനെ നിരോധിച്ചു കൊണ്ട് അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവ് രേഖപ്പെടുത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ആര്‍.എസ്.എസിനെക്കുറിച്ച് പട്ടേല്‍ എന്താണ് ചിന്തിച്ചിരുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ അത് സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്‍.എസ.്എസിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു ആനന്ദ് ശര്‍മ്മയുടെ പരാമര്‍ശം. മഹാത്മാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് 1948ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. ഒരു സംഘടനയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. അതേ ഉത്തരവ് ഏകതാപ്രതിമയുടെ ചുവട്ടില്‍ രേഖപ്പെടുത്തണമെന്നാണ് ഞാന്‍ പറയുന്നത്. അവരെക്കുറിച്ച് പട്ടേല്‍ എന്താണ് ചിന്തിച്ചിരുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ അത് സഹായകമാകും- ആനന്ദ് ശര്‍മ പറഞ്ഞു.
ആര്‍.എസ്.എസിനും ബി.ജെ.പിക്കും സ്വന്തമായി എടുത്തുപറയാന്‍ ഒരു ഹീറോ ഇല്ലാത്തതുകൊണ്ടാണ് പട്ടേലിന്റെ ഏകതാപ്രതിമയടക്കം നിര്‍മിച്ച് അവര്‍ അവരുടേതാക്കാന്‍ ശ്രമിക്കുന്നതെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. പ്രതിമാനിര്‍മാണത്തിന് ചൈനയുടെ സഹായം തേടേണ്ടിവന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.