ലഖ്‌നൗ- വിവിധ മേഖലകളില്‍നിന്നുയര്‍ന്ന പ്രതിഷേധം വകവെക്കാതെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹബാദിനെ പ്രയാഗ് രാജാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗാണ് പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റെയില്‍വേ അടക്കമുള്ള എല്ലാ വകുപ്പുകളും പേരുമാറ്റത്തിന് പിന്തുണ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് സിദ്ധാര്‍ത്ഥ് നാഥ് പറഞ്ഞു. കുംഭമേളയ്ക്ക് മുമ്പായി പേരുമാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി. അലഹബാദ്, ഇനി പ്രയാഗ് രാജ് എന്ന് അറിയപ്പെടുന്നതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും മന്ത്രി പറഞ്ഞു.
2019 ലെ കുംഭമേളയ്ക്കുമുമ്പ് അലഹബാദിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച നടത്തിയ നഗര സന്ദര്‍ശനത്തിനിടെ പ്രഖ്യാപിച്ചിരുന്നു. നടപടിക്കെതിരെ കോണ്‍ഗ്രസും സമാജ്‌വാദ് പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും കടുത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും യോഗി സര്‍ക്കാര്‍ അതു വകവെച്ചില്ല.
ബി.ജെ.പി സര്‍ക്കാര്‍ ചരിത്രത്തേയും വിശ്വാസത്തേയും പാരമ്പര്യങ്ങളെയും തട്ടിക്കളിക്കുകയാണെന്ന് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് വിമര്‍ശിച്ചു. അലഹബാദിനെപോലെയുള്ള ചരിത്ര നഗരത്തിന്റെ പേര് മാറ്റുന്നത് സ്വാതന്ത്ര്യ സമര ചരിത്രത്തെ വിലകുറച്ച് കാണുന്നതിന് തുല്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓംകാര്‍ സിംഗ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മനാടുകൂടിയായ അലഹബാദ് സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായകമായ നിരവധി ചരിത്രയോഗങ്ങള്‍ക്ക് സാക്ഷിയായ നഗരം കൂടിയാണെന്നും ഓംകാര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.