കോഹിനൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ലെന്നും അത് ഇഷ്ടാനുസരണം ഇന്ത്യ അടിയറ വച്ചതാണെന്നും കേന്ദ്ര പുരാവസ്തു വകുപ്പ് (എ.എസ്.ഐ). വിവരാവകാശ പ്രവര്‍ത്തകനായ രോഹിത് സഭര്‍വാള്‍ വിവരാവകാശനിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് പുരാവസ്തു വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടനില്‍ സൂക്ഷിച്ചിരിക്കുന്ന കോഹിനൂര്‍ രത്‌നം തിരിച്ചു കൊണ്ടു വരാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന് കടകവിരുദ്ധമാണ് എ.എസ്.ഐയുടെ നിലപാട്.
കോഹിനൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ക്ക് കൈമാറിയത് സമ്മാനമായാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സഭര്‍വാള്‍ അപേക്ഷ നല്‍കിയത്. ഇതിന് എ.എസ്.ഐ നല്‍കിയ മറുപടി ഇങ്ങനെ:
1849ല്‍ ഡല്‍ഹൗസി പ്രഭുവും പഞ്ചാബിലെ രാജാവായിരുന്ന ദുലീപ് സിംഗും ഒപ്പുവച്ച ലാഹോര്‍ ഉടമ്പടി പ്രകാരം കോഹിനൂര്‍ രത്‌നം ലാഹോര്‍ മഹാരാജാവ് ഇംഗ്‌ളണ്ടിലെ രാജ്ഞിക്ക് മുന്നില്‍ അടിയറവയ്ക്കുകയായിരുന്നു. ആംഗ്‌ളോ സിക്ക് യുദ്ധത്തിലുണ്ടായ ചെലവ് നികത്തുന്നതിനുള്ള നഷ്ടപരിഹാരമായിരുന്നു ഇത്.
കോഹിനൂര്‍ രത്‌നം ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതല്ലെന്നും സിഖ് ഭരണാധികാരിയായ രഞ്ജിത് സിംഗിന്റെ പിന്‍മുറക്കാര്‍ സമ്മാനമായി ഈസ്റ്റിന്ത്യാ കമ്പനിക്ക് നല്‍കിയതാണെന്നും അതിനാല്‍ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും നേരത്തെ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ സഖ്യകക്ഷികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ രത്‌നം തിരിച്ചു കൊണ്ടുവരാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തുകയായിരുന്നു.
ആള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് എന്ന സംഘടനയാണ് കോഹിന്നൂര്‍ രത്‌നമടക്കം വിദേശത്തുള്ള അമൂല്യ വസ്തുക്കള്‍ ഇന്ത്യയില്‍ തിരികെ കൊണ്ടു വരാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.