ഭോപാല്‍- നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്ന മധ്യപ്രദേശില്‍ മുന്നേറ്റമുണ്ടാക്കുമെന്ന് പറയപ്പെടുന്ന കോണ്‍ഗ്രസിന്റെ പ്രചാരണ റാലികളിലൊന്നും തന്നെ കാണാത്തതിന് കാരണം വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രണ്ടു തവണ മുഖ്യമന്ത്രിയുടമായി ദിഗ്‌വിജയ സിങ്. താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ടുകള്‍ നഷ്ടമാകുമെന്നാണ് അ്‌ദ്ദേഹം പറഞ്ഞത്. പബ്ലിസിറ്റിയും പ്രസംഗങ്ങളും വേണ്ടെന്നു വച്ചിരിക്കുകയാണെന്നും പ്രവര്‍ത്തനം മാത്രമെ ഉള്ളൂവെന്നും ഭോപാലില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ സിങ് പറഞ്ഞു. പാര്‍ട്ടി ആരെയാണോ സ്ഥാനാര്‍ത്ഥിയാക്കുന്നത്, അത് ശത്രുവാണെങ്കില്‍ പോലും അവരുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു. എന്റെ പ്രസംഗങ്ങള്‍ കാരണം കോണ്‍ഗ്രസിന് വോട്ടുകള്‍ നഷ്ടമാകുന്നുണ്ട്. അതാണ് റാലികളില്‍ പങ്കെടുക്കാത്തതെന്നും സിങ് പറഞ്ഞതായി എ.എന്‍.ഐ റിപോര്‍ട്ട് ചെയ്യുന്നു.
നവംബര്‍ 28നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്. തുടര്‍ച്ചയായി മൂന്ന് ടേമുകളായി ഭരണം തുടരുന്ന ബി.ജെ.പിയെ ഇത്തവണ പരാജയപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.