ന്യുദല്‍ഹി- ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ് ഫിറോസ് ഖാന്‍ പദവി രാജിവച്ചു. രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചു. #MeToo പീഡന വെളിപ്പെടുത്തല്‍ പ്രചാരണത്തിന്റെ ഭാഗമായി ഛത്തീസ്ഗഢില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഫിറോസ് ഖാനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ചയാണ് ഫിറോസ് രാജി നല്‍കിയത്. ഈ പരാതി പരിശോധിക്കാന്‍ പാര്‍ട്ടി ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഫിറോസ് ഖാന്‍ തള്ളക്കളഞ്ഞു. പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് പദവി ഒഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
യുവതി ജൂണില്‍ ഫിറോസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിയേയും മറ്റു മുതിര്‍ന്ന നേതാക്കളേയും കണ്ട് കടുത്ത നടപടി ആവശ്യപ്പെട്ട് പരാതിപ്പെടുകയും ചെയ്തിരുന്നു. തന്റെ സഹോദരിയേയും പാര്‍ട്ടിയിലെ മറ്റു സ്ത്രീകളേയും ഫിറോസ് ഖാന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു.