ന്യുദല്‍ഹി- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ പക്കല്‍ നയാപൈസയില്ലെന്ന് പാര്‍ട്ടി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. വളണ്ടിയര്‍മാരും എ.എ.പിയെ പിന്തുണയ്ക്കുന്നവരും പൊതുജനങ്ങളും സഹായിച്ചാലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശക്തിലഭിക്കൂവെന്നും കെജ്‌രിവാള്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഒരു പാര്‍ട്ടി പാപ്പരാകുകയും സര്‍ക്കാര്‍ സമ്പന്നരായിരിക്കുകയും ചെയ്യുന്നത്. ഇത് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ജനങ്ങളുടെ പണം ഉപയോഗിച്ചായത് കൊണ്ടാണ്. അഴിമതിക്കാരായ കോടീശ്വരന്‍മാരുടെ പണത്തെ ഞങ്ങള്‍ ആശ്രയിക്കില്ല- അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്കുവേണ്ടിയുള്ള ദേശവ്യാപക പണപ്പിരിവ് പരിപാടിക്ക് തുടക്കമിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത രണ്ടു വര്‍ഷം തെരഞ്ഞെടുപ്പുകള്‍ വരികയാണ്. പാര്‍ട്ടിക്ക് ഫണ്ട് വേണം. പ്രവര്‍ത്തകരായ എല്ലാ വളണ്ടിയര്‍മാരും മാസം ചുരുങ്ങിയത് നൂറു രൂപ വീതമെങ്കിലും സംഭാവന നല്‍കണം. ശമ്പളക്കാരായ കുടുംബാംഗങ്ങളില്‍ നിന്നും പിരിക്കണമെന്നും കെജ്‌രിവാള്‍ നിര്‍ദേശിച്ചു. സംഭാവന പിരിവിന്റെ ഭാഗമായി വളണ്ടിയര്‍മാര്‍ക്കൊപ്പം പാര്‍ട്ടി എം.പിമാരും എല്‍.എല്‍.എമാരും അവരുടെ മേഖലകളില്‍ വീടുകള്‍ തോറും കയറിയിറങ്ങി പരിവ് നടത്തും.