Sorry, you need to enable JavaScript to visit this website.

ഗോവയിലെ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ദല്‍ഹിയില്‍

ന്യുദല്‍ഹി- ഗോവയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരായ ദയാനന്ദ് സൊപ്‌തെ, സുഭാഷ് ശിരോദ്കര്‍ എന്നിവര്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ദല്‍ഹിയിലെത്തി. ഇവര്‍ താമസിയാതെ ബി.ജെ.പിയില്‍ ചേര്‍ന്നേക്കും. ഇവര്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കാണുമെന്ന് ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറെ മാന്‍ഡ്രെം മണ്ഡലത്തില്‍ പരാജയപ്പെടുത്തി കോണ്‍ഗ്രസ് നേതാവാണ് സോപ്‌തെ. ഇരുവരും ദല്‍ഹിയിലേക്കു വിമാനം കയറുന്നതിനു തൊട്ടുമുമ്പായി ഗോവ ആരോഗ്യ മന്ത്രിയും ബി.ജെ.പി നേതാവുമായ വിശ്വജിത്ത് റാണെയും ദല്‍ഹിക്കു പോയിരുന്നു.

നിയമസഭയില്‍ ഏറ്റവും വലിയ കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് നിര്‍ദേശിക്കാനാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഹര്‍ജി നല്‍കാനുള്ള ഒരുക്കത്തിലാണ് ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം. ഇതിനിടെയാണ് തിരക്കിട്ട രാഷ്ട്രീയ രഹസ്യനീക്കങ്ങള്‍ സജീവമായത്. രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. 

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയിലും വീട്ടിലുമാണ് ഏറെ സമയവും. പടലപ്പിണക്കങ്ങള്‍ കാരണം മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനും ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായി രംഗത്തു വന്നത്. ഇതോടെ ബി.ജെപി തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ നടത്തി നില ഭദ്രമാക്കാനുള്ള നേട്ടൊട്ടത്തിലാണ്. ഇന്നലെ പാര്‍ട്ടി കോര്‍ കമ്മിറ്റി, നിയമസഭാ കക്ഷി യോഗങ്ങള്‍ ബി.ജെ.പി വിളിച്ചു ചേര്‍ത്തിരുന്നു.

അതേസമയം ഇപ്പോള്‍ ബി.ജെ.പി താവളത്തിലെത്തിയ രണ്ടു പാര്‍ട്ടി എം.എല്‍.എമാരും പാര്‍ട്ടി വിടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ ചെല്ലകുമാര്‍ പറഞ്ഞു. ഇവരുമായി തിങ്കളാഴ്ച വൈകുന്നേരം സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് 16ഉം ബി.ജെ.പിക്ക് 14ഉം അംഗങ്ങളാണ് നിയമസഭയിലുള്ളത്. മൂന്ന് വീതം അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എന്നിവരെ കൂടെ കൂട്ടിയാണ് ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത്. രണ്ടു എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 14 ആയി കുറഞ്ഞ് ബി.ജെ.പിക്കൊപ്പമെത്തും.
 

Latest News