Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 'അഛെ ദിന്‍' ആണെന്ന് സൗദി എണ്ണ മന്ത്രി; കൂടുതല്‍ എണ്ണ നല്‍കാന്‍ പ്രതിജ്ഞാബദ്ധം

ന്യുദല്‍ഹി- ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന ഇന്ധന ആവശ്യം പൂര്‍ത്തീകരിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാന ഊര്‍ജ്ജ പങ്കാളിയാണെന്നും സൗദി എണ്ണ മന്ത്രി ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി. തിങ്കളാഴ്ച ദല്‍ഹിയില്‍ നടന്ന എണ്ണ കമ്പനികളുടേയും എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടേയും പ്രതിനിധികളെ പങ്കെടുപ്പിച്ച് നടന്ന ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. ആഗോളതലത്തില്‍ തന്ത്രപ്രധാന രാജ്യമായ ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന് സൗദി കല്‍പ്പിക്കുന്ന പ്രാധാന്യത്തിനു തെളിവാണ് തന്റെ അടിക്കടിയുള്ള ഇന്ത്യാ സന്ദര്‍ശനങ്ങളെന്നും അല്‍ഫാലിഹ് പറഞ്ഞു. ഉയര്‍ന്നു വരുന്ന വന്‍ശക്തിയെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച അല്‍ഫാലിഹ്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍ കീഴില്‍ കൂടുല്‍ ബിസിനസ് സൗഹൃദരാജ്യമായെന്നും പറഞ്ഞു. ഇന്ത്യയില്‍ 'അച്ഛെ ദിന്‍' ആണെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖ് കഴിഞ്ഞാല്‍ സൗദി അറേബ്യയാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന രാജ്യം. ഇറാനുമേലുള്ള ഉപരോധം കാരണം ഇന്ധന ലഭ്യത കുറഞ്ഞാല്‍ അതു നികത്താന്‍ സൗദി ഒരുക്കമാണ്.  പ്രധാനമന്ത്രി മോഡിയേയും എണ്ണ മന്ത്രി ധര്‍മേന്ദ്ര പ്രധാനേയും കണ്ടു ചര്‍ച്ച ഇന്ധന ലഭ്യത ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അല്‍ഫാലിഹ് വ്യക്തമാക്കി. സൗദിയുടെ ഏറ്റവും വലിയ ഇന്ധന ഉപഭോക്താക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുമെന്നും അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും രൂപയുടെ മൂല്യം ഇടിഞ്ഞുക്കൊണ്ടിരിക്കുന്നതും കാരണം ഇന്ത്യയില്‍ എണ്ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയരുകയാണ്. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ഇത് വലിയ ആഘാതമായി മാറിയിരിക്കുന്നു. ഇന്ധന വിലകയറ്റം വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്നും വില നിയന്ത്രിക്കാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ ഉപഭോക്താക്കള്‍ക്കു കൂടി അനുകൂലമായ യുക്തിസഹമായ നടപടികള്‍ കൈക്കൊള്ളണമെന്നും പ്രധാനമന്ത്രി മോഡി യോഗത്തില്‍ എണ്ണ കമ്പനി പ്രതിനിധികളോട് ആവശ്യപ്പെട്ടു. 

എന്നാല്‍ എണ്ണ വില സൗദിയെ പോലുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ നിയന്ത്രണത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും വിതരണം മാത്രമാണ് തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലുള്ളതെന്നും സൗദി യോഗത്തില്‍ വ്യക്തമാക്കി. എങ്കിലും ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്നും സൗദി മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ അല്‍ഫാലിഹ് മോഡിയുടെ ഭരണത്തെ വാനോളം പുകഴ്ത്തി. അച്ഛെ ദിന്‍ എന്ന അദ്ദേഹത്തിന്റെ വാഗ്ദാനം തെളിയിച്ചു കാണിക്കാന്‍ മോഡിക്കായെന്ന് അല്‍ഫാലിഹ് പറഞ്ഞു. 

സൗദിയ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ യുഎഇയുടെ അഡ്‌നോക്കുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലെ രത്‌നഗിരി പെട്രോകെമിക്കന്‍ കോംപ്ലക്‌സില്‍ 50 ശതമാനം ഓഹരി നിക്ഷേപം നടത്തുന്നുണ്ട്. ഇത് ഇന്ത്യയുടെ സൗദിയും ബന്ധം കൂടുതല്‍ വളരുന്നതിന് തെളിവാണ്. ഇതൊരു തുടക്കമാണെന്നും അരാംകോയ്ക്ക് ഇന്ത്യയിലൊട്ടാകെ നേരിട്ട് ചില്ലറ വില്‍പ്പന രംഗത്തേക്ക് കടന്നുവരാന്‍ താല്‍പര്യമുണ്ടെന്നും വലിയ ക്രൂഡ് ഓയില്‍ സംഭരണ ശാല നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും അല്‍ഫാലിഹ് അറിയിച്ചു.
 

Latest News