വാഷിംഗ്ടൺ- മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിയുടെ നിലപാടിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖശോഗിയെ കാണാതായ സംഭവത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് നടത്തിയ പ്രസ്താവന ഏറെ ശക്തമാണെന്നും സംശയത്തിനതീതമാണെന്നും ട്രംപ് പറഞ്ഞു. ഖശോഗിയുടെ തിരോധാനത്തിന് പിന്നിൽ മറ്റാരോ ആയിരിക്കാനാണ് സാധ്യത. ആർക്കറിയാം. സൽമാൻ രാജാവ് എന്നോട് ഇക്കാര്യത്തിൽ വളരെ ഉറച്ച നിലപാടാണ് സ്വീകരിച്ചത്. ഖശോഗിയുടെ തിരോധാനത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് സൽമാൻ രാജാവ് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട് -ട്രംപ് പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദിയിലേക്ക് യാത്ര തിരിച്ചതായും ട്രംപ് വ്യക്തമാക്കി. ജമാൽ ഖശോഗിയുടെ തിരോധാനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മൈക് പോംപിയോ സൗദിയിലേക്ക് പുറപ്പെട്ടത്. സൗദി സന്ദർശനം പൂർത്തിയാക്കിയ ശേഷം മൈക് പോംപിയോ തുർക്കിയിലേക്ക് പോകും.