പനാജി- ഗുരുതര രോഗബാധിതനെങ്കിലും മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി പദം രാജിവെക്കില്ല. അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുമെന്ന് ഗോവ ബി.ജെ.പി അധ്യക്ഷന്‍ വിജയ് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.
ഗോവയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ദല്‍ഹിയില്‍നിന്ന് ഗോവയിലേക്കു തിരിച്ചെത്തിയതിനു പിന്നാലെയാണ് ബി.ജെ.പി യോഗം ചേര്‍ന്നത്. കേന്ദ്രമന്ത്രി ശ്രീപദ് നായിക്, ലോക്‌സഭാംഗം നരേന്ദ്ര സവയ്കര്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
പരീക്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം രാജിവെക്കുമെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നും വിജയ് പറഞ്ഞു. അഞ്ചു വര്‍ഷത്തേക്കാണ് സഖ്യമുണ്ടാക്കിയത്. അത് കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധ ചികില്‍സക്കു ശേഷം മടങ്ങിയെത്തിയെങ്കിലും പരീക്കര്‍ ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. പരീക്കര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്നാണു കരുതുന്നതെന്ന് ഗോവ ഊര്‍ജമന്ത്രി നിലേഷ് കബ്രാള്‍ പറഞ്ഞു. ഗോവയിലേക്കു തിരികെയെത്തിയത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നാണു കരുതുന്നത്. സുഖമായിരിക്കുന്നെന്നാണ് പരീക്കര്‍ തന്നോടു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ദല്‍ഹി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) തിരികെയെത്തി പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രം പരീക്കര്‍ ഗോവയിലെത്തിയാല്‍ മതിയായിരുന്നെന്ന് ഗോവ മന്ത്രി ഗോവിന്ദ് ഗവാദെ വ്യക്തമാക്കി. തിരികെയെത്തിയ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നു. ഗോവ ഒരു നേതാവിന്റെ അസാന്നിധ്യം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് മനോഹര്‍ പരീക്കറെ ദല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പ്രത്യേക വിമാനത്തില്‍ ഗോവയിലെത്തിയ അദ്ദേഹത്തെ ആംബുലന്‍സിലാണ് വീട്ടിലേക്കു മാറ്റിയത്. വെള്ളിയാഴ്ച എയിംസില്‍ െവച്ച് ബി.ജെ.പി നേതാക്കളെയും സഖ്യകക്ഷികളെയും പരീക്കര്‍ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു നടപടികള്‍ ആലോചിക്കുന്നതിനായിരുന്നു ഇത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിനു യു.എസില്‍ നിന്നടക്കം പരീക്കര്‍ ചികില്‍സ തേടിയിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കു തിരികെയെത്തി അധികം വൈകാതെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.