റിയാദ്- രാജ്യത്തെ തൊഴിൽ വിപണിക്ക് സ്വദേശികളെ അനിവാര്യമായിരിക്കുകയാണെന്നും നിലവിൽ 12 മേഖലകളിൽ നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തിന്റെ തോത് 84% ആണെന്നും തൊഴിൽ സഹമന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈൻ അറിയിച്ചു. സ്വദേശിവത്കരണ പദ്ധതികളുടെ വിജയത്തിനായി ആദ്യ ഘട്ടമെന്ന നിലക്ക് അറുപതിനായിരത്തോളം സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും സ്ത്രീകളെയും പുരുഷന്മാരെയും സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നതിന് വിവിധ പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ തൊഴിൽ വിപണിയുടെ ന്യൂനതകൾ സ്വകാര്യ മേഖലയിലെ കമ്പനികളുമായി സഹകരിച്ചു പരിഹരിച്ചുവരികയാണ്. ചില മേഖലകളിൽ നേരത്തെ നടപ്പാക്കിയ സ്വദേശിവത്കരണത്തിന്റെ തോത് 95 ശതമാനം വരെയായിരുന്നു. ഇപ്പോഴത് 80 മുതൽ 84 ശതമാനം വരെയാക്കിയിട്ടുണ്ട്. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ നിലവിലെ തീരുമാനങ്ങൾ താത്കാലികമായി പ്രയാസങ്ങളുണ്ടാക്കുമെങ്കിലും ഭാവിയിൽ രാജ്യത്തിന്റെ വികസനത്തിന് ഗുണകരമായിരിക്കും.
ആഭ്യന്തര മന്ത്രാലയം, മുനിസിപ്പൽ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, പൊതു സുരക്ഷാ വകുപ്പ്, ജവാസാത്ത്, ഗവർണറേറ്റ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് തൊഴിൽ മന്ത്രാലയം സ്വദേശിവത്കരണം നടപ്പാക്കുന്നത്. ഇതിനായി രൂപീകരിച്ച പ്രത്യേക വിഭാഗം രാവിലെയും വൈകുന്നേരവും എല്ലാ ഭാഗങ്ങളിലും പരിശോധനയുമായി മുന്നോട്ട് പോവുകയാണ്.
12 മേഖലകളിലെ സ്വദേശിവത്കരണം പെട്ടെന്ന് പ്രഖ്യാപിച്ചതായിരുന്നില്ല. ഏറെ കാലത്തെ പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം ഒരു വർഷം മുമ്പാണ് മന്ത്രാലയം പദ്ധതി പ്രഖ്യാപിച്ചതെന്നും സ്വദേശികളെ നിയമിച്ച് പദവി ശരിയാക്കാൻ മതിയായ സമയം നൽകിയിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വാച്ചുകളുടെയും കണ്ണടകളുടെയും ഷോറൂമുകളാണ് റബീഉൽ അവ്വൽ ആദ്യത്തോടെ രണ്ടാം ഘട്ടമായി നടപ്പാക്കുന്നത്. മൂന്നാം ഘട്ടം ജമാദുൽ ഊലയിലും നടക്കും. നേരത്തെ പ്രഖ്യാപിച്ച 68 സ്വദേശിവത്കരണ പദ്ധതികളുടെ ആദ്യ ഘട്ടം അടുത്ത രണ്ടു മാസത്തിനകം നടപ്പാക്കിത്തുടങ്ങും. സ്വദേശികൾക്ക് തൊഴിൽ പരിശീലനത്തിന് സർക്കാർ തലത്തിൽ നിരവധി പരിശീലന പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും സ്ഥാപനങ്ങൾ തുടങ്ങാൻ വായ്പകൾ അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.