ദമാം- ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് പ്രദേശത്ത് സജീവമാകുന്ന സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾക്കെതിരെ ദമാമിലെ പൊതുസമൂഹം. വിഷയവുമായി ബന്ധപ്പെട്ട് മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക് ബദർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുഖ്യധാരാ സംഘടനാ പ്രതിനിധികളുടെ യോഗം സാമൂഹിക വിരുദ്ധരുടെ നീക്കത്തിനെതിരെ ശക്തമായ നടപടി എടുക്കേണ്ടതുണ്ടെന്ന് അധിക്യതരോട് ആവശ്യപ്പെട്ടു.
സ്‌കൂൾ ഭരണ സമിതി ചെയർമാൻ സുനിൽ മുഹമ്മദ് സ്‌കൂളിന്റെ ഭാഗത്ത് നിന്നും സർക്കുലർ ഇറക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. സ്‌കൂൾ കാമ്പസിന് പുറത്ത് നടക്കുന്ന കാര്യങ്ങൾ ദൗർഭാഗ്യകരമാണ്. രക്ഷിതാക്കൾ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്നും അനിയന്ത്രിതമായി പുറത്തേക്ക് വിടുന്നത് ചില അധാർമിക പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുമെന്നും സുനിൽ മുഹമ്മദ് പറഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും കൂടുതൽ ജാഗ്രതയും ശ്രദ്ധയും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾക്കെതിരെ ഉണ്ടാകുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. തുടർന്ന് സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികൾ വിവിധ നിർദ്ദേശങ്ങളും ആവശ്യങ്ങളും മുന്നോട്ട് വെച്ചു. സി സി ടിവി ക്യാമറ കാര്യക്ഷമവും സ്‌കൂൾ പൂർണമായും നിരീക്ഷിക്കുന്ന രീതിയിലും സജ്ജീകരിക്കുകയും തൽസമയ നിരീക്ഷണം രണ്ടോ അതിലധികമോ പേർക്ക് സാധ്യമാകുന്ന രീതിയിൽ ക്രമീകരിക്കുകയും വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. സ്‌കൂൾ സമയത്തിന് ശേഷം പ്രധാന ഗേറ്റിലൂടെ മാത്രം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടത്തി വിടുകയും ഗേൾസ് സെക്ഷനിൽ സൂപ്പർവൈസർ തസ്തികയിൽ ഒരു മെയിൽ സ്റ്റാഫിനെ നിയമിക്കുകയും സ്‌പെഷ്യൽ ക്ലാസിന് വരുന്ന കുട്ടികൾക്ക് ഡ്രസ്സ് കോഡ് നിർബന്ധമാക്കുകയും വേണം. ദീർഘദൂര ബസിൽ നിരീക്ഷണത്തിനു സംവിധാനം ഏർപ്പെടുത്തുകയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബസുകൾ ഏർപ്പെടുത്തുകയും വേണമെന്ന് ആവശ്യമുയർന്നു. നിലവിലെ സാഹചര്യം മനസ്സിലാക്കി രക്ഷിതാക്കളെ വിളിച്ചു കൂട്ടി സ്‌കൂൾ ഭരണ സമിതി മുൻകൈ എടുത്തു ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്ലസ് വൺ, പ്ലസ്ടു വിഭാഗത്തിനായി പ്രത്യേകം കാമ്പസുകൾ സ്ഥാപിക്കുക, പ്രശ്‌നക്കാരായ കുട്ടികളെ കണ്ടുപിടിച്ചു അച്ചടക്ക നടപടി സ്വീകരിക്കുക, പുറത്ത് നിന്നുള്ള ഇടപെടലുകളും മറ്റു അസാന്മാർഗിക പ്രവർത്തനങ്ങളും പോലീസ്, ഗവർണറേറ്റ് അതോറിറ്റികൾക്ക് റിപ്പോർട്ട് ചെയ്യുകയും നിയമത്തിന്റെ വഴി അവലംബിക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളും പ്രതിനിധികൾ മുന്നോട്ടുവെച്ചു.
കുട്ടികൾ സ്വയം ഡ്രൈവ് ചെയ്തു വരുന്ന രീതി നിരുത്സാഹപ്പെടുത്തണം. സ്‌കൂൾ സമയത്തു കുട്ടികൾ എങ്ങനെ പുറത്തു പോകുന്നുവെന്നറിയാൻ ശക്തമായ നിരീക്ഷണ സംവിധാനവും വേണം. രക്ഷിതാക്കൾ നിർബന്ധമായും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കുകയും പരിമിതപ്പെടുത്തുകയും തന്റെ കുട്ടിയെ അടുത്ത് അറിയാനുള്ള ശ്രമം രക്ഷിതാവ് നടത്തുന്നതോടൊപ്പം നിർബന്ധമായും കുട്ടികളുമായി സമയം ചെലവഴിക്കണമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ചർച്ചയിൽ ഉയർന്നു വന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഭരണ സമിതി മുഖവിലക്കെടുക്കുമെന്നും ചെയർമാൻ സുനിൽ മുഹമ്മദ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഡിസ്പാക് പ്രസിഡന്റ് ഷഫീക് സി.കെ അധ്യക്ഷനായിരുന്നു. സി. അബ്ദുൽ ഹമീദ്, ആലിക്കുട്ടി ഒളവട്ടൂർ, ടി.പി.എം. ഫസൽ, ഇ.എം കബീർ, കെ.എം ബഷീർ, ജോർജ് വർഗീസ്, ബിജു കല്ലുമല, മുഹമ്മദ് നജാത്തി, മജീദ് ചുങ്കത്തറ, റിയാസ് ടി.പി, ആൽബിൻ ജോസഫ്, നമീർ ചെറുവാടി, വി.എം അർഷദ്, നൗഫൽ വി.ഡി, അബ്ദുൽ മജീദ് കൊടുവള്ളി, സുരേഷ്, ലിജു മന്നാറ, നിഹാൽ അഹ്മദ് എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. നജീബ് അരഞ്ഞിക്കൽ മോഡറേറ്ററായിരുന്നു. ജനറൽ സെക്രട്ടറി മുജീബ് കളത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്‌റഫ് ആലുവ നന്ദിയും പറഞ്ഞു. ബിൻസ്, അബ്ദുൽ സലാം, റഫീഖ് കൂട്ടിലങ്ങാടി, ഷമീം, മുഹമ്മദ് സാദിഖ്, ഷൗബീർ, അസ്‌ലം ഫറോക്ക് എന്നിവർ നേതൃത്വം നൽകി.