പാലക്കാട് - മലബാറിൽ മെമു സർവീസ് ആരംഭിക്കുന്നതിനൊരുങ്ങി റെയിൽവേ. അടുത്ത ബജറ്റിൽ പ്രഖ്യാപനം വന്നേക്കും. ഷൊർണൂർ -മംഗലാപുരം റൂട്ടിൽ ആവശ്യത്തിന് വൈദ്യുതി സബ്‌സ്റ്റേഷനുകൾ പ്രവർത്തനസജ്ജമായ സാഹചര്യത്തിൽ കൂടുതൽ മെമു റേക്കുകൾ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിംഗ് ഷമി റെയിൽവേ മന്ത്രാലയത്തിന് കത്തു നൽകി. അനുഭാവപൂർവമായ മറുപടിയാണ് ലഭിച്ചതെന്നും അടുത്ത ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട്ട് നിന്ന് നിലവിൽ ഷൊർണൂരിലേക്കും എറണാകുളത്തേക്കും കോയമ്പത്തൂരിലേക്കും മാത്രമേ അതിവേഗ മെമു പാസഞ്ചർ വണ്ടികൾ സർവീസ് നടത്തുന്നുള്ളൂ.
മലബാറിലെ തീവണ്ടിപ്പാത വൈദ്യുതീകരണം കഴിഞ്ഞ സമയം തൊട്ടു തന്നെ ഈ റൂട്ടിൽ മെമു പാസഞ്ചർ വണ്ടികൾക്കായി മുറവിളി ഉയരുന്നുണ്ട്. പാതയിരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായതോടെ ഷൊർണൂർ-മംഗലാപുരം റൂട്ടിൽ തീവണ്ടികളുടെ റണ്ണിംഗ് സമയത്തിൽ വലിയ മാറ്റം വന്നിരുന്നു. എന്നാൽ ഇതിന്റെ ഗുണം പറയത്തക്ക രീതിയിൽ യാത്രക്കാർക്ക് ലഭിച്ചിട്ടില്ല. നിലവിലുള്ള വണ്ടികളുടെ സമയത്തിൽ പുനഃക്രമീകരണങ്ങൾ വരുത്തി കൂടുതൽ സർവീസ് വരണമെങ്കിൽ ഇന്ധനലഭ്യത മെച്ചപ്പെടുത്തണമെന്ന നിലപാടിലായിരുന്നു അധികൃതർ. തിരൂരിലെ വൈദ്യുതി സബ്‌സ്റ്റേഷൻ കൂടി പ്രവർത്തനം തുടങ്ങിയതോടെ ഈ റൂട്ടിലുള്ള സബ്‌സ്റ്റേഷനുകളുടെ എണ്ണം ആറായി. കർണാടക അതിർത്തിയിൽ മറ്റൊന്നിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.
നിലവിൽ ഷൊർണൂർ - മംഗലാപുരം റൂട്ടിലോടുന്ന രണ്ട് എക്‌സ്പ്രസുകളും പാസഞ്ചറുകളും ഒഴികെ എല്ലാ വണ്ടികളും വൈദ്യുതി എൻജിനുകളാണ് ഉപയോഗിക്കുന്നത്. ഡീസൽ എൻജിനിൽ നിന്ന് വൈദ്യുതിയിലേക്ക് മാറുന്നത് റെയിൽവേക്കും സാമ്പത്തികമായി മെച്ചമാണ്.