Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അലഹബാദ് പ്രയാഗ്‌രാജ് ആക്കുമെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ചരിത്രപ്രധാന്യമുള്ള നഗരങ്ങളിലൊന്നായ അലഹാബാദിന്റെ പേര് ഉടന്‍ മാറ്റി പ്രയാഗ്‌രാജ് ആക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തി. ഇവിടെ നടക്കുന്ന കുംഭമേളയ്ക്ക് മുമ്പായി പേരുമാറ്റുമെന്നും ഇതിനുള്ള അനുമതി ഗവര്‍ണറില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. അലഹാബാദിന്റെ പേരു മാറ്റി പ്രയാഗ്‌രാജ്് ആക്കുന്നത് ജനങ്ങളുടെ ആഗ്രഹമാണ്. ഇത് നല്ലൊരു സന്ദേശമാണെന്നും കഴിഞ്ഞ ദിവസം ആദിത്യനാഥ് പറഞ്ഞിരുന്നു. ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ കുംഭ മേള നടക്കുന്നത് അലഹാബാദിലാണ്. വേദങ്ങളിലും പുരാണങ്ങളിലും അലഹാബാദിന്റെ പേര് പ്രയാഗ് ആണെന്നും മുഗള്‍ ചക്രവര്‍ത്തി അക്ബറാണ് അലഹാബാദ് എന്ന പേരു നല്‍കിയതെന്നുമാണ് ഹിന്ദുത്വരുടെ വാദം. അക്ബറിന്റെ അടയാളങ്ങള്‍ തുടച്ചു നീക്കുന്നതിന്റെ ഭാഗമായാണ് ഈ പേരുമാറ്റമെന്നും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗംഗ, യമുന, പുരാണകഥയിലെ സരസ്വതി നദികളുടെ ത്രിവേണി സംഗമം ഇവിടെയാണ്. 

എന്നാല്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വളരെ പ്രധാന്യമുള്ള നഗരമാണ് അലഹബാദെന്നും പേരു മാറ്റുന്നത് നഗരത്തിന്റെ സ്വത്വത്തെ തന്നെ തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തി. കുംഭ മേളയുടെ ഒരുക്കങ്ങള്‍ കാണാനെത്തിയ ആദിത്യനാഥിനു നേര്‍ക്ക് സമാജ് വാദി പാര്‍ട്ടി വിദ്യാര്‍ത്ഥി വിഭാഗം പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി ഈ നീക്കത്തിനെതിരെ പ്രതിഷേധിച്ചു. പ്രയാഗ് എന്ന പേരാണ് നിലവില്‍ കുംഭ മേള നടക്കുന്ന സ്ഥലത്തിന്റെ പേര്. നഗരത്തിന്റെ പേര് കൂടി പ്രയാഗ്‌രാജ് എന്ന് ആക്കി മാറ്റേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഓങ്കാര്‍ സിങ് പറഞ്ഞു. സര്‍ക്കാരിനു വേണമെങ്കില്‍ പ്രയാഗ്‌രാജ് എന്ന പേരില്‍ പുതിയൊരു നഗരം പണിയാവുന്നതാണെന്നും അലഹബാദിന്റെ പേര് മാറ്റേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന് തുടക്കമിട്ട യോഗങ്ങള്‍ നടന്ന സ്ഥലമാണ് അലഹാബാദെന്നും അദ്ദേഹം പറഞ്ഞു.

കോടിക്കണക്കിന് ആളുകളുടെ ആഗ്രഹമാണ് ഈ പേരുമാറ്റമെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. അലഹാബാദിന്റെ യഥാര്‍ത്ഥ പേര് പ്രയാഗ് ആണെന്നും ബി.ജെ.പി പറഞ്ഞു.
 

Latest News