Sorry, you need to enable JavaScript to visit this website.

അയാള്‍ എന്റെ ടോപ്പഴിച്ചു; സാജിദ്ഖാനെതിരെ സിംറാന്‍ സൂരി

മുംബൈ- സിനിമയുമായി ബന്ധിപ്പെട്ട് ഓഡിഷന് പോയപ്പോള്‍ തന്റെ ടോപ്പ് അഴിച്ചുമാറ്റിയെന്ന ആരോപണവുമായി സംവിധായകന്‍ സാജിദ് ഖാനെതിരെ നടി സിംറാന്‍ സൂരിയും. റേച്ചല്‍ വൈറ്റ് നേരത്തെ ഉന്നയിച്ചതിനു സമാനമായ ലൈംഗിക ആരോപണമാണ് സിംറാന്‍ സൂരി ഉന്നയിച്ചിരിക്കുന്നത്. സാജിദ് ഖാനെതിരെ തുറന്നു പറച്ചിലുമായി രംഗത്തുവന്നിരിക്കുന്ന നാലാമത്തെ വനിതയാണ് സിംറാന്‍. റേച്ചലിനു പുറമെ, നടിമാരായ സലോണി ചോപ്രയും മാധ്യമ പ്രവര്‍ത്തക കരിഷ്മ ഉപാധ്യയുമാണ് ഇതിനുമുമ്പ് മീ ടൂ കാമ്പയിനില്‍ ആരോപണം ഉന്നയിച്ചത്.

2012 ലെ ദുരനുഭവം ആദ്യം ട്വിറ്ററിലാണ് സിംറാന്‍ പങ്കുവെച്ചത്. പിന്നീട് മാധ്യമപ്രവര്‍ത്തകരോട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു. ഹിമ്മത്‌വാല സിനിമക്കുവേണ്ടി തന്നെ ഓഡിഷന് വിളിക്കുകയായിരുന്നു. ജുഹുവിലെ വീട്ടില്‍ ചെന്നപ്പോള്‍ സാജിദ് ഖാന്‍ അടിവസ്ത്രം മാത്രം ധരിച്ച്  വ്യായാമം ചെയ്യുകയായിരുന്നു. പ്രൊഫഷണല്‍ മീറ്റിംഗില്‍ ഒരാള്‍ അടിവസ്ത്രം മാത്രം ധരിച്ചു നില്‍ക്കുന്നത് വിശ്വസിക്കാനായില്ല. തുടര്‍ന്ന് തന്നോട് വസ്ത്രം അഴിക്കാന്‍ പറഞ്ഞു. താന്‍ സംവിധായകനാണെന്നും ശരീരം കാണണമെന്നുമാണ് സാജിദ് ഖാന്‍ പറഞ്ഞത്. തുടര്‍ന്ന് അയാള്‍ തന്നെ തന്റെ ടോപ്പ് അഴിച്ചു മാറ്റിയ ശേഷം കാണിക്കൂ എന്ന് പറയുകയായിരുന്നു. കരച്ചിടലടക്കാനാവതെ താന്‍ ബഹളം വെച്ചപ്പോള്‍ ബഹളം വെക്കരുതെന്നും അടുത്ത മുറിയില്‍ തന്റെ മാതാവുണ്ടെന്നുമാണ് സാജിദ് ഖാന്‍ പറഞ്ഞത്.
തന്നെ ഒരിക്കലും വിളിക്കരുതെന്ന് പറഞ്ഞ ശേഷം അയാളുടെ വീട്ടില്‍നിന്ന് പുറത്തിറിങ്ങി ഫോണ്‍ നമ്പര്‍ ഡിലീറ്റ് ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ സാജിദ് തന്നെ വിളിച്ച് ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ പരസ്പരം അറിയേണ്ടത് ആവശ്യമാണെന്നു പറഞ്ഞു. അയാളെ ചീത്ത വിളിച്ചുകൊണ്ടാണ് താന്‍ ഫോണ്‍ കട്ട് ചെയ്തത്.
കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പലതവണ ഇക്കാര്യം വെളിപ്പെടുത്താന്‍ ആലോചിച്ചെങ്കിലും അയാള്‍ വലിയ ആളായതിനാല്‍ താന്‍ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് കരുതി. ധാരാളം പെണ്‍കുട്ടികളെ ഇയാള്‍ ഇതുപോലെ ഉപദ്രവിച്ചിട്ടുണ്ടെന്നും സിംറാന്‍ പറഞ്ഞു. സലോണിയും റേച്ചലും രംഗത്തുവന്നതാണ് തനിക്ക് ധൈര്യം പകര്‍ന്നത്. അയാളുടെ മുഖത്തടിക്കണമെന്നാണ് താന്‍ കൂട്ടുകാരികളോട് പറഞ്ഞിരുന്നത്.
ആരോപണങ്ങളെല്ലാം സാജിദ് ഖാന്‍ നിഷേധിച്ചിരുന്നു. കുടുംബത്തില്‍നിന്ന് സനിമാ ടീമില്‍നിന്നുമുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് ഹൗസ്ഫുള്‍ ഫോറിന്റെ സംവിധാനത്തില്‍നിന്ന് ഒഴിയുകയാണെന്നും സാജിദ് ഖാന്‍ അറിയിച്ചിരുന്നു.

Latest News