പൂനെക്ക് 61 റൺസ് ജയം
പൂനെ- കൊടികെട്ടിയ ബാറ്റിംഗ് നിരയുണ്ടായിട്ടും ഐ.പി.എല്ലിൽ ബാംഗ്ലൂരിന്റെ ദുരന്തം തുടരുന്നു. പൂനെ ഉയർത്തിയ 158 റൺസെന്ന ശരാശരി വെല്ലുവിളി പോലും നേരിടാനാവാതെ ഒമ്പത് വിക്കറ്റിന് 96 റൺസുമായി തകർന്നടിഞ്ഞ ബാംഗ്ലൂർ ഏറ്റുവാങ്ങിയത് 61 റൺസിന്റെ കനത്ത തോൽവി. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലി (48 പന്തിൽ 55) ഒഴികെ മറ്റാർക്കും രണ്ടക്കം കാണാൻ പോലും കഴിഞ്ഞില്ല. പൂനെ പ്ലേയോഫിന് ഒരു ചുവടുകൂടി അടുത്തപ്പോൾ, ബാംഗ്ലൂരിന് ഇനി അത് സ്വപ്നം മാത്രമാവും.
ലോക്കീ ഫെർഗൂസന്റെ അപകടകരമായ സ്‌പെല്ലാണ് ബാംഗ്ലൂരിന്റെ എല്ലാ പ്രതീക്ഷകളെയും തല്ലിത്തകർത്തത്. നാല് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ന്യൂസിലാന്റ് ഫാസ്റ്റ് ബൗളർ, ബാംഗ്ലൂരിന്റെ മധ്യനിരയെ ശ്വാസം മുട്ടിച്ചു. കോഹ്‌ലിക്കുപോലും ഫെർഗൂസനെ തൊടാൻ കഴിഞ്ഞില്ല. ഫെർഗൂസന്റെ ആദ്യ മൂന്ന് ഓവർ കഴിഞ്ഞപ്പോൾ തന്നെ ബാംഗ്ലൂരിന് അവസാന പത്ത് ഓവറിൽ ശരാശരി 10.9 റൺസ് വെച്ച് സ്‌കോർ ചെയ്യണമെന്ന അവസ്ഥ വന്നു. ഇംറാൻ താഹിർ നാല് ഓവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
ഒരു വശത്ത് ബാറ്റ്‌സ്മാർ വന്നു പോകുമ്പോൾ ഷോട്ടുകൾക്ക് പാടുപെടുകയായിരുന്നു കോഹ്‌ലി. നാല് ബൗണ്ടറികളും ഒരു സിക്‌സറും മാത്രമാണ് ബാംഗ്ലൂർ ക്യാപ്റ്റന് അടിക്കാൻ കഴിഞ്ഞത്. എബി ഡിവിലിയേഴ്‌സ് വെറും മൂന്ന് റൺസിന് പുറത്തായപ്പോൾ, മലയാളിയായ സച്ചിൻ ബേബിക്ക് രണ്ട് റൺസെടുക്കാനേ കഴിഞ്ഞുള്ളു. ക്രിസ് ഗെയ്ൽ ഇന്നലെ കളിച്ചില്ല.
ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (32 പന്തിൽ 45), രാഹുൽ ത്രിപാഠി (28 പന്തിൽ 37), മനോജ് തിവാരി (35 പന്തിൽ 44 നോട്ടൗട്ട്), മഹേന്ദ്ര ധോണി (17 പന്തിൽ 21 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് പൂനെയെ മൂന്നിന് 157 എന്ന സ്‌കോറിലെത്തിച്ചത്. സ്‌കോർ 11ലെത്തി നിൽക്കെ ത്രിപാഠിയെ കോഹ്‌ലി വിട്ടുകളഞ്ഞത് ബാംഗ്ലൂരിന് തിരിച്ചടിയായി. അവസാനത്തെ രണ്ടോവറിൽ 18 റൺസാണ് പൂനെ ബാറ്റ്‌സ്മാൻമാർ അടിച്ചത്.