കോഴിക്കോട് - പുതിയ സീസണിന് മുന്നോടിയായി പ്രതീക്ഷയോടെ ഗോകുലം കേരള എഫ്.സി ടീം കോഴിക്കോട്ട് പരിശീലനം ആരംഭിച്ചു. 27 ന് മോഹൻ ബഗാനുമായി നടക്കുന്ന ആദ്യ ഐ ലീഗ് മത്സരത്തിന് മുമ്പ് ആറാമതൊരു വിദേശ കളിക്കാരനെ പ്രതീക്ഷിക്കുകയാണ് ടീം. മലയാളിയായ ബിനോ ജോർജ് പരിശീലകനായി തിരിച്ചെത്തിയതിന്റെ ആവേശത്തിൽ കൂടിയാണ് ടീം. സ്‌പെയിൻകാരനായ സാന്റിയാഗോ വലേറ ഇടക്കാലത്ത് പരിശീലകനായെത്തിയിരുന്നു.
മോഹൻബഗാൻ, ഈസ്റ്റ്ബംഗാൾ, മിനർവ പഞ്ചാബ് എന്നീ പ്രമുഖ ടീമുകളെ കഴിഞ്ഞ സീസണിൽ തോൽപിച്ച് ജയന്റ് കില്ലർ എന്ന ഖ്യാതി നേടിയ ടീം കൂടുതൽ മെച്ചപ്പെട്ടുവെന്നാണ് പ്രതീക്ഷിക്കുന്നത്. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ പരിശീലനം നേടി വന്ന ടീം കഴിഞ്ഞ ദിവസമാണ് ഹോം ഗ്രൗണ്ടായ നഗരസഭാ സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തിയത്. സൗഹൃദ മത്സരത്തിൽ കേരള പോലീസിനെ 6-0 ന് തോല്പിക്കാൻ കഴിഞ്ഞുവെന്നത് ആവേശം നൽകുന്നു.
അഞ്ച് വിദേശ കളിക്കാരാണ് ഇപ്പോൾ ടീമിലുള്ളത്. മുന്നേറ്റ നിരയിലാണ് പുതിയൊരു വിദേശിയെ പ്രതീക്ഷിക്കുന്നത്. നിലവിൽ അർജന്റീനക്കാരായ ഫാബ്രിഷ്യേ ഓർടിസ്, ഘാനക്കാരനായ ഡാനിയൽ ഡോ എന്നിവർ പ്രതിരോധ നിരയിലും മുസ മുഡെ (ഉഗാണ്ട), അന്റോണിയോ ജർമൻ (ഇംഗ്ലണ്ട്), ഡി കാസ്‌ട്രോ (ബ്രസീൽ) എന്നിവർ മുന്നേറ്റ നിരയിലും കളിക്കുന്നുണ്ട്.
സുഹൈർ, രാജേഷ്, ഗനി എന്നീ മലയാളി താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. എസ്.ഷിനു, സന്തുസിംഗ്, ജിഷ്ണു ബാലകൃഷ്ണൻ, ജി. സഞ്ജു എന്നിവരെയും പ്രതിരോധ നിരയിലേക്കായി പരിഗണിക്കുന്നു. അർണബ് ദാസ് ശർമയും ഷിബിൻരാജ് കുനിയിലുമാണ് പ്രധാന ഗോൾ കീപ്പർമാർ.
മുൻ വർഷം ടീമിൽ തിളങ്ങിയ യുവതാരം അർജുൻ ജയരാജ് തുടരുന്നു. ഉസ്മാൻ ആഷിഖ്, മുഹമ്മദ് റാഷിദ് തുടങ്ങിയവരും നിരയിലുണ്ട്.
കഴിഞ്ഞ സീസൺ തുടക്കത്തിൽ അല്പം പതറിയെങ്കിലും എവേ മാച്ചുകളിൽ അവസാന റൗണ്ടുകളിൽ മികച്ച കളി പുറത്തെടുക്കാൻ ടീമിന് കഴിഞ്ഞിരുന്നു.
കേരളത്തിൽ നിന്നുള്ള ഫുട്‌ബോൾ താരങ്ങൾക്ക് ടീം കൂടുതൽ അവസരം നൽകുന്നു.