ബെയ്ജിങ്- വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ കുട്ടികള്‍ക്കും പ്രിയങ്കരമാകുന്നത് സാധാരണയാണ്. പട്ടിയും പൂച്ചയുമെല്ലാം ഇങ്ങനെ കുട്ടികള്‍ക്കൊപ്പം കളിച്ചും ചേര്‍ന്നും വളരും. എന്നാല്‍ ഒമ്പതുകാരിയായ ഒരു ചൈനീസ് ബാലിക കളിക്കൂട്ടുകാരിയാക്കിയ അസാധാരണ ആളെ കണ്ട് ലോകം ഞെട്ടിയിരിക്കുകയാണ്. കടുവയ്‌ക്കൊപ്പമാണ് സണ്‍ ഷിയാവോജിങ് എന്ന ഈ ബാലികയുടെ കളി. ചൈനീസ് സമുഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിത്. ഒരു മൃഗശാലാ പാലകന്റെ മകളാണ് സണ്‍ എന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപോര്‍ട്ടില്‍ പറയുന്നു. മൂന്ന് മാസം പ്രായമുള്ള കടുവ കുട്ടി ജനിച്ചതു മുതലാണ് സണ്‍ അതിനൊപ്പം കളിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഇരുവരും ഉറ്റചങ്ങാതിമാരാണ്. നടക്കാനിറങ്ങുമ്പോള്‍ സണ്‍ കടുവക്കുട്ടിയേയും കൂടെ കുട്ടും. പാലൂട്ടുന്നതും കുളിപ്പിക്കുന്നതും നോക്കുന്നതുമെല്ലാം ഈ ബാലികയാണ്. ഇരുവര്‍ക്കുമിടയില്‍ നല്ലൊരു അടുപ്പം രൂപപ്പെട്ടിട്ടുണ്ടെന്ന് അചഛന്‍ പറയുന്നു. ഫുയ്ജാന്‍ പ്രവിശ്യയിലെ ദോങു സൂവിലെ ജോലിക്കാരനാണ് സണിന്റെ അച്ഛന്‍. ഹുനിയു എന്ന പേരും നല്‍കിയിരിക്കുന്നു. മകള്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയാല്‍ ഹുനിയും ഓടിച്ചാടി അവള്‍ക്കരികിലെത്തുമെന്നും അച്ഛന്‍ പറയുന്നു.
സണിന്റെ കുടുംബം താമസിക്കുന്നത് മൃഗശാലയ്ക്കടുത്തു തന്നെയാണ്. അതുകൊണ്ടു തന്നെ ഒഴിവു സമയത്തെല്ലാം സണ്‍ മൃഗശാലയില്‍ തന്നെയായിരിക്കും സണ്‍. എപ്പോഴും ഹുനിയു കൂടെ ഉണ്ടാകും. ഒമ്പതു വയസ്സ് പ്രായമുള്ള സൈബീരയന്‍ കടുവയുടെ കുട്ടിയാണ് ഹുനിയു. സഹോദരങ്ങളായ മറ്റു രണ്ടു കടുവക്കുട്ടികളെ ഹുനിയുവിന്റെ അമ്മ തന്നെ അബദ്ധത്തില്‍ കൊന്ന ശേഷമാണ് മൃഗശാലാ അധികൃതര്‍ ഹുനിയുവിനെ അമ്മയില്‍ നിന്ന് വേര്‍പ്പെടുത്തി തനിച്ചാക്കിയത്. പിന്നീട് സണിന്റെ സ്വന്തമാകുകയായിരുന്നു. സണും ഹുനിയുവും കളിച്ചു നടക്കുന്നതു കാണാന്‍ മാത്രം മൃഗശാലയില്‍ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.