Sorry, you need to enable JavaScript to visit this website.

അന്നപൂർണാ ദേവി: ഇനി നിതാന്ത മൗനം

അന്നപൂർണാ ദേവി
അന്നപൂർണാ ദേവി
അന്നപൂർണാ ദേവിയും രവിശങ്കറും.


ഇന്നലെ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ രോഷ്‌നാര എന്ന അന്നപൂർണാ ദേവിയെക്കുറിച്ച്  

ഇന്ത്യയിലെ എക്കാലത്തെയും വലിയ  ഗായിക. 
ലോകത്തിലെ ഏക സുർബാഹാർ വാദക  അന്നപൂർണാ ദേവി എന്ന സംഗീതജ്ഞ ജീവിതത്തിൽ നിന്ന് വിടവാങ്ങി.
ഉസ്താദ് അലാവുദ്ദീൻ ഖാന് മൂന്നു പെൺകുട്ടികളും ഒരു മകനുമായിരുന്നു. ജഹനാര ഖാൻ, ഷറീജാ ഖാൻ, അലി അക്ബർ ഖാൻ, രോഷ്‌നാരാ ഖാൻ എന്ന അന്നപൂർണാ ദേവി. ആദ്യത്തെ  മകളായ ജഹനാര വളരെ കഴിവുള്ള ഗായികയായിരുന്നു. അവർ വിവാഹം ചെയ്തയക്കപ്പെട്ട വീട്ടുകാർ സംഗീതത്തിനെതിരായിരുന്നു. വിവാഹം ചെയ്തുകൊണ്ടുവന്ന പെൺകുട്ടി, പാട്ടു പാടുന്നതും സാധകം ചെയ്യുന്നതും മറ്റും വലിയ അപമാനമായി കണക്കാക്കിയ  ആ വീട്ടുകാർ അവരുടെ സംഗീതോപകരണം കത്തിച്ചുകളഞ്ഞു. പിന്നീട് അധികകാലം അവർ ജീവിച്ചിരുന്നതുമില്ല. ഇത് പിതാവ് ഉസ്താദ് അലാവുദ്ദീൻ ഖാനെ വലിയ ആഘാതമേൽപിച്ചു. ഇനി മുതൽ പെൺകുട്ടികളെ സംഗീതം അഭ്യസിപ്പിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. മറ്റൊരു മകളായ ഷരീജ കുട്ടിക്കാലത്തു തന്നെ രോഗബാധിതയായി മരിച്ചിരുന്നു. ആകെയുണ്ടായിരുന്ന പെൺകുട്ടിയാണ്  രോഷ്‌നാരാ എന്ന് അദ്ദേഹം പേരിട്ട അന്നപൂർണ. ബ്രിജ്‌നാഥ് സിംഗ് മഹാരാജാവിന്റെ കൊട്ടാരത്തിലെ രാജസംഗീതജ്ഞനായിരുന്നു ഉസ്താദ് അലാവുദ്ദീൻ ഖാൻ. അന്നപൂർണ എന്നത് മഹാരാജാവ് കുട്ടിയെ കണ്ടപ്പോൾ വിളിച്ച പേരാണ്.
സംഗീതം അഭ്യസിക്കുന്നതിൽനിന്നും കർശനമായ വിലക്കുണ്ടായിരുന്നു അന്നപൂർണയ്ക്ക്.
അവർക്ക് 9 വയസ്സുള്ളപ്പോൾ ഒരു ദിവസം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ, സഹോദരൻ അലി അക്ബർ ഖാൻ അന്നു കാലത്തെ പാഠങ്ങൾ സരോദിൽ  സ്വയം പരിശീലിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്ക്, പഠിപ്പിച്ചതിൽ നിന്നും ഒരൽപം വ്യത്യാസത്തോടെ വായിച്ചപ്പോൾ, തൊട്ടടുത്ത്  എന്തോ കളിച്ചുകൊണ്ടിരുന്ന     അന്നപൂർണ  'ഇങ്ങനെയല്ലല്ലോ ബാബ പറഞ്ഞുതന്നത്' എന്ന് പറഞ്ഞുകൊണ്ട് ആ സ്വരപ്രയോഗം കൃത്യമായി പാടി. അങ്ങനെ അവർ ഒരുമിച്ച് ഒരാൾ പാടുകയും മറ്റെയാൾ സരോദ് വായിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിതാവ് തിരിച്ചുവന്നതും പിറകിൽ നിന്ന്, മകൾ അസാമാന്യമായി പാടുന്നത് കേട്ടുകൊണ്ടു നിന്നതും അവർ കുറെ നേരത്തേക്ക് അറിഞ്ഞില്ല. കടുത്ത ശിക്ഷ പ്രതീക്ഷിച്ചു നിന്ന അന്നപൂർണയെ അദ്ദേഹം അന്ന് മുതൽ സംഗീതം അഭ്യസിപ്പിക്കാൻ തുടങ്ങുകയായിരുന്നു. അന്നപൂർണ സിത്താറിലും സരോദിലും വായ്പാട്ടിലും ഒരുപോലെ മികവ് പ്രകടിപ്പിച്ചു.   താരതമ്യേന വായിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതും മറ്റാർക്കും വഴങ്ങാത്തതുമായ   സുർബഹാറിൽ മകൾക്കു ശിക്ഷണം ആരംഭിച്ചു ഉസ്താദ് അലാവുദ്ദീൻ ഖാൻ. വളരെ പെട്ടെന്നു തന്നെ അവർ അതിൽ പ്രാഗത്ഭ്യം നേടുകയും ചെയ്തു.
ഒമ്പതാം വയസ്സിൽ ചിട്ടയായ സംഗീത പഠനം ആരംഭിച്ച രോഷ്‌നാര പതിനാലാം വയസ്സിൽ തന്റെ പിതാവിന്റെ ശിഷ്യനായ പണ്ഡിറ്റ് രവിശങ്കറിന്റെ വധുവായി. തന്റെ ഈ മകൾക്കെങ്കിലും വിവാഹത്തോടെ സംഗീതം ഉപേക്ഷിക്കേണ്ടിവരിക എന്ന ദുരന്തം സംഭവിക്കരുത് എന്ന ഉസ്താദിന്റെ അദമ്യമായ ആഗ്രഹവും രവിശങ്കറിനെ ഉസ്താദ് അലാവുദ്ദീൻ ഖാന്റെ സംരക്ഷണയിലും ശിക്ഷണത്തിലും തുടർന്നുകൊണ്ടു പോകുവാനുള്ള രവിശങ്കറിന്റെ ജ്യേഷ്ഠ സഹോദരൻ ഉദയ്ശങ്കറിന്റെ ആഗ്രഹവും  സർവോപരി രവിശങ്കറിനോടുള്ള ഉസ്താദിന്റെ കടുത്ത വാത്സല്യവും ആ വിവാഹത്തിൽ കലാശിച്ചു. അന്ന് രവിശങ്കറിന് കേവലം 21 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 
പതിനഞ്ചാം വയസ്സിൽ അന്നപൂർണാ ദേവി അമ്മയായി.
വിവാഹ ശേഷം രവിശങ്കറും അന്നപൂർണാ ദേവിയും ചേർന്ന് കച്ചേരികൾ നടത്തിയിട്ടുണ്ട്. എന്നാൽ രവിശങ്കറിനേക്കാൾ പതിന്മടങ്ങു വലിയ പ്രതിഭയായിരുന്ന അന്നപൂർണാ ദേവിയ്ക്ക് കൂടുതൽ പ്രശംസകൾ കിട്ടുക പതിവായിരുന്നു. 


ജനിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ മകന് ദഹന സംബന്ധമായ കഠിന രോഗം ബാധിച്ചിരുന്നു. ദീർഘകാലം ചികിത്സിച്ചിട്ടാണ് അതു ഭേദമായത്. അതുമൂലം ആ കുട്ടിക്ക് രാത്രികളിൽ  ഉറക്കം തീർത്തും ഇല്ലായിരുന്നു.
രാത്രികളിലെ ഉറക്കമില്ലായ്മയും പകൽ സമയത്തെ  കഠിനമായ സാധകവും ഇടയ്ക്കു വരുന്ന സംഗീത പരിപാടികളും വീട്ടുകാര്യങ്ങളും കുട്ടിയെ നോക്കലും  എല്ലാം ഒരുമിച്ചുകൊണ്ടുപോകാനുള്ള പ്രായമോ പക്വതയോ സംയമനമോ 15 വയസ്സുള്ള ഒരു പെൺകുട്ടിയും 22 വയസ്സുള്ള ആൺകുട്ടിയും കൂട്ടിയാൽ കൂടുന്നവയായിരുന്നില്ല. അവർ തമ്മിൽ അസ്വാരസ്യങ്ങൾ പതിവായി.
ആണായതുകൊണ്ടും കുടുംബനാഥനായതുകൊണ്ടും സ്വാഭാവികമായും രവിശങ്കർ സാധകത്തിനും
കച്ചേരികൾക്കും ഒരു സംഗീതജ്ഞൻ എന്ന നിലയിൽ പേരെടുക്കുന്നതിനും കൂടുതൽ സമയം നീക്കിവെച്ചു.
വീട്ടുകാര്യങ്ങളും സുഖമില്ലാത്ത മകന്റെ ചുമതലകളും അന്നപൂർണയുടേതു മാത്രമായി മാറി.
സാധകം ചെയ്യാൻ പറ്റാതെ വരുന്നത് പലപ്പോഴും അവരുടെ സമനില തെറ്റിച്ചു. വീട്ടിലുള്ള  സമയത്ത് രവിശങ്കറിനോട്   അവർ അതിക്രുദ്ധയായി  പെരുമാറി.
അപ്പോഴും കച്ചേരികളിൽ എപ്പോഴും അവർക്കായിരുന്നു മുൻതൂക്കം. അവരുടെ പ്രതിഭയ്ക്കു മുമ്പിൽ രവിശങ്കർ തീർത്തും മങ്ങിപ്പോകാറുണ്ടായിരുന്നു. ഇത് അദ്ദേഹത്തിൽ കടുത്ത നിരാശയും ഭാര്യയോട് വിദ്വേഷവും ജനിപ്പിച്ചു.
തന്റെ വളർച്ചയ്ക്ക് അന്നപൂർണാ ദേവി ഒരു വലിയ തടസ്സമാണെന്ന് അദ്ദേഹം വിശ്വസിച്ചു. വീട്ടുകാര്യങ്ങളിൽ ഉപേക്ഷ കാണിച്ചുകൊണ്ട് കച്ചേരികൾ നടത്തുന്നത് ശരിയല്ലെന്ന്  അദ്ദേഹം പരോക്ഷമായി  പലപ്പോഴും അവരെ ധരിപ്പിച്ചുകൊണ്ടിരുന്നു.
ഇതിനെല്ലാം പുറമെ രവിശങ്കറിന്റെ ജീവിതത്തിൽ മറ്റു സ്ത്രീകൾ കടന്നുവരുന്നു എന്ന അറിവ് അവരെ തീർത്തും തളർത്തി. കുഞ്ഞിനെയും കൊണ്ട് അവർ തിരിച്ച് പിതാവിന്റെയടുക്കൽ വന്നു.
സംഗീതത്തേക്കാൾ വിലപ്പെട്ടതായിരുന്നു അന്നപൂർണാ ദേവിയ്ക്ക് അച്ഛനോടുള്ള സ്‌നേഹം.
താൻ കാരണം അച്ഛനുമമ്മയും വേദനിക്കുന്നത് അവർക്ക് മറ്റെന്തിനേക്കാളും അസഹ്യമായി തോന്നിയതിനാൽ അവർ ബോംബെയ്ക്കു തന്നെ തിരിച്ചു പോയി. മുൻപ് തന്നെ പൊതുവേദികളിൽ പാടുന്നത് നിർത്തിയിരുന്നെങ്കിലും വിവാഹത്തിന്റെ നിലനിൽപിനു ഒരു ഉറപ്പ്  എന്നോണം ശാരദാംബയുടെയും സ്വന്തം അച്ഛനും ഗുരുവുമായ ഉസ്താദ് അലാവുദ്ദീൻ ഖാന്റെയും ചിത്രത്തിന് മുൻപിൽ നിന്നുകൊണ്ട് ഇനിയൊരിക്കലും പൊതുവേദികളിൽ സംഗീതം അവതരിപ്പിക്കില്ലെന്നു അവർ പ്രതിജ്ഞ ചെയ്തു.
ഇത് 1960 ന്റെ തുടക്കത്തിലായിരുന്നു. പക്ഷേ 1962 ൽ വിവാഹ മോചനം നടന്നു.
അന്നപൂർണാ ദേവിയുടേത്  സ്വതേ  ഉൾവലിഞ്ഞ ഒരു വ്യക്തിത്വമായിരുന്നു. സംഗീതം നൽകുന്ന ശാന്തിയും വിവാഹത്തിലെ പ്രശ്‌നങ്ങളും അവർക്ക്   മറ്റുള്ളവരിൽ നിന്ന് മുഴുവനായും ഒഴിഞ്ഞുമാറിക്കഴിയാൻ പ്രേരണയായി. തന്റെ ഗുരുവിൽ നിന്നും തനിക്കു കിട്ടിയ അറിവ്  ശിഷ്യരിലേക്ക് പകരുകയും അതു വഴി ശുദ്ധസംഗീതവും മൈഹാർ ഖരാനയും നിലനിർത്തുകയുമാണ് തന്റെ നിയോഗം എന്ന് അവർ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടു തന്നെ പൊതുവേദികളിൽ കച്ചേരി അവതരിപ്പിക്കുന്നതിനോട് താൽപര്യമില്ല എന്ന് മാത്രമല്ല സ്വന്തം ചിത്രങ്ങളോ സംഗീതമോ തന്നെയും റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും അവർക്ക് ഇഷ്ടമല്ല.
'സ്വയം പേരെടുക്കാൻ മത്സരിക്കുന്ന കുറെ യോദ്ധാക്കൾക്കിടയിൽ  എനിക്കെന്തു കാര്യം? അവിടെ വന്നാൽ എനിക്ക് എന്താണ് പാടാൻ കഴിയുക
എന്നാണ് വീണ്ടും സംഗീതക്കച്ചേരികൾ നടത്തിക്കൂടേ എന്ന് ചോദിച്ചവരോടുള്ള അവരുടെ മറുപടി.
ജനസംസർഗം തീരെ ഉപേക്ഷിച്ച ഒരു ജീവിതമാണ് നയിക്കുന്നത് എന്നൊരു ആക്ഷേപം അന്നപൂർണാ ദേവിയെക്കുറിച്ച് ഉണ്ടെങ്കിലും അവരുടെ രണ്ടാം ഭർത്താവ് റൂഷികുമാർ പാണ്ഡെ  അത് നിഷേധിക്കുകയാണ് ചെയ്തത്.
ദിവസത്തിൽ ഏതാണ്ട് എട്ടോ ഒൻപതോു മണിക്കൂർ സംഗീതാധ്യാപനത്തിനായി അവർ നീക്കിവെച്ചിരുന്നു.


വീട്ടിൽ എപ്പോഴുമെന്നു തന്നെ പറയാം ശിഷ്യർ കാണും. ഉച്ചയ്ക്ക് നൂറിലധികം വരുന്ന പ്രാവുകൾക്ക് അവർ ആഹാരം കൊടുക്കും. അതിനു തന്നെ ഒരു മണിക്കൂറിലധികം വേണം. ഓരോ പ്രാവിനെയും അവർക്ക് വേർതിരിച്ചറിയാം. ഓരോന്നിനോടും വർത്തമാനം പറഞ്ഞുകൊണ്ടാണ് ആഹാരം കൊടുക്കുന്നത്. ആ വീട്ടിൽ  ഏറ്റവും  പണച്ചെലവ് വരുന്നതും പ്രാവിന്റെ ഭക്ഷണത്തിനാണ്. പിന്നെ ഒരു കാക്ക. അത് അന്നപൂർണാ ദേവിയുടെ കൈയിൽനിന്നും കൊത്തിയെടുത്തേ ആഹാരം കഴിക്കൂ. മലായ് ആണ് അതിന് ഇഷ്ടം. അതുകൊണ്ട് എപ്പോഴും വീട്ടിൽ മലായ് തയ്യാറാക്കയി ഇരിക്കണം. വീട്ടിൽ വേലക്കാർ ആരും ഇല്ലാത്തതിനാൽ വീട്ടുജോലികൾ എല്ലാം അവർ തന്നെയാണ് ചെയ്യുന്നത്.
ഒരു നായയും ഉണ്ടായിരുന്നു അവർക്ക്. അവരുടെ ജീവിതത്തിലെ ഏറ്റവും ദുർഘട ഘട്ടങ്ങളിലത്രയും കൂടെയുണ്ടായിരുന്ന ആത്മസുഹൃത്തായിരുന്നു മുന്ന എന്ന നായ. 'ഹിന്ദുസ്ഥാനി സംഗീതത്തിൽ  ആഴത്തിൽ അവഗാഹ'മുള്ള ലോകത്തിലെ ഏക നായ ആയിരുന്നിരിക്കും  മുന്ന. ഹരിപ്രസാദ് ചൗരാസ്യ, നിഖിൽ ബാനർജി, ശുഭോ തുടങ്ങിയവരുടെ ശിക്ഷണ കാലത്തായിരുന്നു  അവൻ ജീവിച്ചിരുന്നത്. എല്ലാ സമയവും ക്ലാസുകളും സാധകവും ശ്രദ്ധിച്ചുകൊണ്ടാണ് മുന്നയിരിക്കുക. ആരെങ്കിലും അതിമനോഹരമായോ അസാധാരണമായോ എന്തെങ്കിലും വായിച്ചാൽ ഓടിവന്ന് അവരുടെ മടിയിൽ കയറിയിരുന്ന് സന്തോഷം പ്രകടിപ്പിക്കുമായിരുന്നു അവൻ. വലിയ ഹാളിൽ നിന്നും അടച്ചിട്ടിരിക്കുന്ന അടുക്കളയിലേയ്ക്ക്  മുന്നയ്ക്ക്  പ്രവേശിക്കാൻ വേണ്ടി വാതിലിനു താഴെ ഉണ്ടാക്കിയ ചെറിയൊരു കമാനാകൃതിയിലുള്ള വിടവ്  അതിന്റെ കാലശേഷവും അടക്കാൻ  അന്നപൂർണാ  ദേവി സമ്മതിച്ചില്ല. മുന്നയുടെ ഓർമ്മയ്ക്ക്  ഇപ്പോഴും അവിടത്തെ അടുക്കള വാതിൽ അങ്ങനെ തന്നെ നിലനിൽക്കുന്നു.
മകനെ നഷ്ടപ്പെട്ടതായിരുന്നു അന്നപൂർണാ ദേവിയുടെ ജീവിതത്തിലെ രണ്ടാമത്തേതും ഏറ്റവും കൊടിയതുമായ ദുരന്തം. ശൈശവത്തിൽ തന്നെ സംഗീതത്തിലും ചിത്രകലയിലും  പ്രതിഭ പ്രകടിപ്പിച്ചിരുന്ന  മകൻ ശുഭേന്ദ്ര ശങ്കറിൽ  ഒരു വലിയ സംഗീതജ്ഞനെയാണ് അവർ ദർശിച്ചിരുന്നത്. അമ്മയുടെ സംരക്ഷണത്തിൽ   തീർത്തും ഒറ്റപ്പെട്ട അന്തരീക്ഷത്തിൽ അതിതീവ്ര സംഗീത പഠനവും സാധകവും ചിത്രം വരയും മാത്രമായി ജീവിതം അനുഭവിച്ചുവളർന്ന ശുഭേന്ദ്ര ശങ്കർ തന്റെ ഇരുപത്തെട്ടാം വയസ്സിൽ  അച്ഛന്റെ കൂടെ ലോസ്ആഞ്ചലസിലേക്ക് പുറപ്പെട്ടു പോയി. അൽപകാലം കൂടി തന്റെ കൂടെ താമസിച്ചു സംഗീതപഠനം പൂർത്തിയാക്കിയിട്ടു പോകൂ എന്ന അന്നപൂർണാ ദേവിയുടെ വാക്ക് മാനിക്കാതെയാണ് ശുഭോ  അമേരിക്കയിലേക്ക് പോയത്. തന്റെ പിതാവിന്റെ ജീവിത ശൈലിയോട് വല്ലാത്ത അഭിനിവേശം ഉണ്ടായിരുന്ന അദ്ദേഹം  അവിടെ തനിക്കു കൂടുതൽ വർണശബളമായ ഭാവിയുണ്ടെന്നും അച്ഛനിൽനിന്നും സംഗീത പഠനം തുടരാമല്ലോ എന്നും വ്യാമോഹിതനായി.
അൽപകാലം രവിശങ്കറിനോടൊപ്പം കച്ചേരികളും മറ്റും നടത്തിയിരുന്ന അദ്ദേഹം ചിത്രകലയിൽ മാസ്റ്റർ ബിരുദവും നേടുകയുണ്ടായി. പക്ഷേ  പണ്ഡിറ്റ് രവിശങ്കർ ഒരിക്കലും ഒരു ഗുരുവാകാൻ തക്ക സിദ്ധിയോ സന്നദ്ധതയോ  ഉള്ള ആളായിരുന്നില്ല. ചില  കച്ചേരികളും സംഗീത സംവിധാനങ്ങളും  മറ്റുമൊക്കെ മുതൽക്കൂട്ടായി വരവുവെക്കാമെങ്കിലും അർഹമായതോ ആഗ്രഹിച്ചതോ  ആയ വളർച്ചയും അംഗീകാരവും ശുഭോയ്ക്കു  ലഭിച്ചില്ല. കാലക്രമേണ സ്വന്തം പിതാവിൽ നിന്നുമുള്ള അകൽച്ചാ മനോഭാവവും ശുഭോയെ തളർത്തി. 20  വർഷത്തിനു ശേഷം വീണ്ടും തമ്മിൽ കാണും വരെ  അമ്മയും മകനും തമ്മിൽ ഒരു തരത്തിലും ആശയവിനിമയം ഉണ്ടായിരുന്നില്ല. 1989 മുതൽക്ക് വീണ്ടും അമ്മയുടെ കീഴിൽ സംഗീത പഠനം തുടർന്ന ശുഭോ 1990 ൽ രവിശങ്കറുടെ കൂടെ സ്വാതി ഗന്ധർവ ഫെസ്റ്റിവലിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ നിലവാരം തകർന്നുപോയി എന്നു  ചില മാധ്യമങ്ങളിൽ വന്ന വിമർശനങ്ങൾ അദ്ദേഹത്തെ ഒരു വിഷാദ രോഗിയാക്കി മാറ്റി. തിരികെ അമേരിക്കയിലേക്ക് പോയ ശുഭോ 1992 ഇൽ ന്യൂമോണിയ വന്നു ശരിയായ ചികിത്സ കിട്ടാഞ്ഞതിനാൽ മരിച്ചുപോകുകയും ചെയ്തു.  ഇതേക്കുറിച്ചു അന്നപൂർണാ ദേവി പണ്ഡിറ്റ് രവിശങ്കറിനെ കുറ്റപ്പെടുത്തിക്കൊണ്ടു തന്നെ  പ്രതികരിച്ചിട്ടുണ്ട്. തന്റെ മകനെ തന്നിൽ നിന്നും തട്ടിക്കൊണ്ടു പോയെന്നും അദ്ദേഹത്തിന്റെ മറ്റു മക്കളെല്ലാം നല്ല നിലയിൽ കഴിയുമ്പോൾ ശുഭേന്ദ്രയ്ക്ക് ചികിത്സാ സഹായം ചെയ്യുക എന്ന  ഉത്തരവാദിത്തം പോലും അദ്ദേഹം നിർവഹിച്ചില്ല  എന്നും അവർ പറയുന്നു.
മകന്റെ മരണമുണ്ടാക്കിയ മുറിവിന്റെ ആഘാതത്തിൽ നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും പടുകുഴിയിലേക്ക് അവർ വീണുപോകാതിരിക്കാൻ കാരണം അവരുടെ ശിഷ്യനും രണ്ടാമത്തെ ഭർത്താവുമായ റൂഷികുമാർ പാണ്ഡെ ആണ്. 1984 ലാണ്   തന്നേക്കാൾ 13 വയസ്സിനു ഇളയ പാണ്ഡെയെ അവർ വിവാഹം ചെയ്തത്. 10 വർഷത്തെ ഗുരുശിഷ്യ ബന്ധത്തിൽനിന്നുമുണ്ടായ അപൂർവ സൗഹൃദമായിരുന്നു ആ വിവാഹത്തിനു കാരണം. അദ്ദേഹത്തിന്റെ ആക്‌സമിക മരണം കൂടിയായതോടെ, അന്നപൂർണാ ദേവി തീർത്തും ഒറ്റപ്പെട്ട്, നിതാന്ത മൗനത്തിലമർന്നു. ഒടുവിൽ ആ മഹദ് ജീവിതത്തിന് ഇന്നലെ ഹംസഗാനവുമായി..  
(ലെഫ്റ്റ് ക്ലിക്ക് ന്യൂസ്)

Latest News