ജിദ്ദ- സിറിയയുടെ കിഴക്കന്‍ മേഖലയില്‍ കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസു (എസ്.ഡി.എഫ്) മായുള്ള ഏറ്റുമുട്ടലിനിടെ ഐ.എസ് ഭീകരര്‍ ഇവിടുത്തെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് നൂറുകണക്കിന് സാധാരണക്കാരായ അഭയാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയി. വെള്ളിയാഴ്ച രാത്രിയാണ് മണിക്കൂറുകള്‍ നീണ്ട പോര് നടന്നത്. അഭയാര്‍ത്ഥി ക്യാമ്പ് എസ്.ഡി.എഫ് കാവലിലായിരുന്നു. ഇവിടേക്ക് അതിക്രമിച്ച് കടക്കാനുള്ള ഐ.എസ് ഭീകരരുടെ ശ്രമം ചെറുക്കുന്നതിനിടെ നിരവധി എസ്.ഡി.എഫ് അംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു. എസ്.ഡി.എഫ് പ്രതിരോധം തകര്‍ത്ത ആയുധധാരികളായ ഭീകര്‍ അഭയാര്‍ത്ഥി ക്യാമ്പിലെ 130 കുടുംബങ്ങളെ ബലപ്രയോഗത്തിലൂടെ മേഖലയില്‍ ഐഎസിന്റെ നിയന്ത്രണത്തിലുള്ള അവസാന ശക്തികേന്ദ്രങ്ങളിലൊന്നിലേക്ക് കൊണ്ടു പോയി. ഈ കുടുംബങ്ങളില്‍ നിരവധി വിദേശ വനിതകളും കൊല്ലപ്പെട്ട ഐ.എസ് ഭീകരരുടെ മുന്‍ ഭാര്യമാരും ഉണ്ടെന്നും ഭീകരര്‍ ഇവരെ വധിക്കാനിടയുണ്ടെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മുന്നറിയിപ്പു നല്‍കി.
മുവ്വായിരത്തോളം ഐ.എസ് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന യുഫ്രട്ടീസ് താഴ്‌വരയിലെ ഹാജിനില്‍ യുഎസ് സൈന്യത്തിന്റെ പിന്തുണയുള്ള എസ്.ഡി.എഫ് കഴിഞ്ഞ മാസം വലിയ ആക്രമണം നടത്തിയിരുന്നു. സഖ്യസേനയുടെ പിന്തുണയോടെ ഭീകരരെ തുരത്താന്‍ എസ്.ഡി.എഫ് ഹാജിന്‍ മേഖലയില്‍ ഐ.എസിനെതിരെ പോരാട്ടം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ ഉണ്ടായ ഏറ്റു മുട്ടലുകളില്‍ 37 എസ്.ഡി.എഫ് സേനാംഗങ്ങളും 58 ഭീകരരും കൊല്ലപ്പെട്ടു.