മുംബൈ- ബോളിവുഡ് സംവിധായകൻ സുഭാഷ് ഘായിക്കെതിരെ പീഡനപരാതിയുമായി നടിയും മോഡലുമായ കെയ്റ്റ് ശർമ രംഗത്ത്. ശനിയാഴ്ച മുംബൈയിലെ വെർസോവ പോലീസ് സ്‌റ്റേഷനിലാണ് ബോളിവുഡിലെ സംവിധായകൻ സുഭാഷ് ഘായിക്കെതിരെ കെയ്റ്റ് പരാതി നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് ആറിനു വീട്ടിലേക്കു വിളിച്ചുവരുത്തിയ ഘായി തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് പരാതി. ഘായിയുടെ വീട്ടിലെത്തുമ്പോൾ അവിടെ അഞ്ചോ ആറോ പേരുണ്ടായിരുന്നു. ഇവരുടെ മുന്നിൽവച്ച് തന്റെ ശരീരം തടവിത്തരാൻ ഘായി ആവശ്യപ്പെട്ടു. ഇത് എന്നെ ഞെട്ടിച്ചു. എങ്കിലും അദ്ദേഹത്തിന്റെ പ്രായം മാനിച്ച് ഞാനത് ചെയ്തുകൊടുത്തു. രണ്ടോ മൂന്നോ മിനിറ്റ് അദ്ദേഹത്തെ തടവികൊടുത്തു. പിന്നീട് കൈ കഴുകാൻ ഞാൻ വാഷ് റൂമിലേക്ക് പോയി. അദ്ദേഹം എന്നെ പിന്തുടർന്നു. എന്നോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മുറയിലേക്ക് ക്ഷണിച്ചു. അവിടെ വെച്ച് എന്നെ ബലം പ്രയോഗിച്ച് ഉമ്മ വെക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഇവിടെനിന്ന് എനിക്ക് പോകണമെന്ന് പറഞ്ഞപ്പോൾ രാത്രിയിൽ തന്നോടൊപ്പം തങ്ങിയില്ലെങ്കിൽ വിട്ടയക്കില്ലെന്ന ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
അതേസമയം, തന്റെ പേര് ചീത്തയാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുഭാഷ് ഘായ് പറഞ്ഞു. സുഭാഷ് ഘായ്‌ക്കെതിരെ കഴിഞ്ഞയാഴ്ച്ച പേരുവെളിപ്പെടുത്താത്ത ഒരു യുവതിയും പരാതി ഉന്നയിച്ചിരുന്നു.