ഗുഡ്ഗാവ്- ജഡ്ജിയുടെ ഭാര്യക്കും 18 കാരനായ മകനും നേരെ ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ നിറയൊഴിച്ചു. ഗുഡ്ഗാവിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച മകന്‍ ധ്രുവ് ഗുരുതരാവസ്ഥയിലാണ്. ഭാര്യ റിതു (38) അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ ഗുഡ്ഗാവ് സെക്ടര്‍ 49 ലെ അര്‍കാഡിയ മാര്‍ക്കറ്റില്‍ ജഡ്ജി കൃഷന്‍ കാന്ത് ശര്‍മയും കുടുംബവും ഷോപ്പിംഗിനെത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ നിറയൊഴിച്ചത്. ആദ്യം ഭാര്യക്കും തുടര്‍ന്ന് മകനും നേരെയായിരുന്നു വെടി. വെടിയേറ്റ മകനെ കാറില്‍ വലിച്ചു കയറ്റാനും ശ്രമിച്ചു. തുടര്‍ന്ന് പ്രതി കാറില്‍ കയറി പോകുന്നത് ദൃക്‌സാക്ഷികള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം. പോകുന്ന വഴി ഭാര്യയേയും മകനേയും വെടിവെച്ച കാര്യം ഇയാള്‍ ജഡ്ജിയെ വിളിച്ച് അറിയിച്ചു. സംഭവം അറിയിക്കാന്‍ വേെറയും രണ്ട് പേരെ മൊബൈലില്‍ വിളിച്ചു.
പ്രതി മഹിപാല്‍ സിംഗ് രണ്ടു വര്‍ഷമായി ജഡ്ജിയുടെ അംഗരക്ഷകനാണ്. മാര്‍ക്കറ്റില്‍ നിന്ന് നേരെ പോലീസ് സ്‌റ്റേഷനിലെത്തിയ മഹിപാല്‍ അവിടെ വെച്ചും നിറയൊഴിച്ച ശേഷമാണ് സ്ഥലംവിട്ടത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പിടിച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അല്‍പസമയത്തിനു ശേഷം ഫരീദാബാദില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തതായി ഗുഡ്ഗാവ് ഡി.സി.പി അറിയിച്ചു. വെടിവെക്കാനുണ്ടായ കാരണം കണ്ടെത്താന്‍ മഹിപാലിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. ജഡ്ജിയുടെ കുടുംബത്തിന്റെ മോശം പെരുമാറ്റത്തില്‍ ഇയാള്‍ ദുഃഖിതനായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.