വത്തിക്കാന്‍ സിറ്റി- കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ചിലിയില്‍ നിന്നുള്ള രണ്ട് ബിഷപ്പുമാരുടെ പൗരോഹിത്യ പദവി പോപ്പ് ഫ്രാന്‍സിസ് ഒഴിവാക്കി. ചിലി പ്രസിഡന്റും പോപ്പും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം വത്തിക്കാന്‍ പത്രക്കുറിപ്പിലാണ് നടപടി അറിയിച്ചത്. മുന്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ്‌കോ ജോസ് കോക്‌സ്, മുന്‍ ബിഷപ്പ് മാര്‍ക്കോ അന്റോണിയോ ഓര്‍ഡന്‍സ് ഫെര്‍ണാണ്ടസ് എന്നിവരെയാണ് പദവിയില്‍ നിന്ന് പുറന്തള്ളിയത്. പുരോഹിതന്മാരുടെ ലൈംഗിക ചൂഷണം വന്‍ വിവാദമായ ചിലിയില്‍ ഒടുവില്‍ പുറത്താക്കപ്പെട്ടവരാണ് ഇവര്‍. അപ്പീല്‍ നല്‍കാനാവില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രൈസ്തവ സഭയില്‍ പുരോഹിത പദവി നീക്കുകയാണ് ഏറ്റവും കടുത്ത ശിക്ഷ. ഇങ്ങനെ നീക്കം ചെയ്യപ്പെടുന്നവര്‍ക്ക് സ്വകാര്യമായി പോലും പുരോഹിത വൃത്തിയില്‍ ഏര്‍പ്പെടാനാവില്ല. ചിലിയില്‍ പുരോഹിതന്മാര്‍ കുട്ടികളെ പീഡിപ്പിച്ച കൂടുതല്‍ സംഭവങ്ങള്‍ പുറത്തു വന്നതോടെ റോമന്‍ കത്തോലിക്ക ചര്‍ച്ച് വന്‍ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ചിലിയിലെ ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് പോപ്പ് ഇന്നലെ വത്തിക്കാനില്‍ ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറയെ കണ്ടത്. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതിനും മറച്ചു വെക്കുന്നതിനുമെതരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. സൗത്ത് അമേരിക്കന്‍ രാജ്യമായ ചിലിയില്‍ ചര്‍ച്ചിന്റെ പുനര്‍ജന്മം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ചര്‍ച്ചക്കു ശേഷം ചിലി പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. 1960 നു ശേഷം ചിലിയില്‍ 167 ബിഷപ്പുമാരും പുരോഹിതന്മാാരുമാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് അന്വേഷണം നേരിട്ടത്. ചര്‍ച്ചും പുരോഹിതന്മാരും ഉള്‍പ്പെട്ട ലൈംഗിക അപവാദങ്ങളില്‍ പോപ്പ് ഫ്രാന്‍സിസ് ചിലിയന്‍ ജനതയോട് ആവര്‍ത്തിച്ച് ക്ഷമാപണം നടത്തിയിരുന്നു. ആരോപണങ്ങള്‍ കേള്‍ക്കുന്നതിലും നടപടി സ്വീകരിക്കുന്നതിലും വലിയ വീഴ്ച പറ്റിയെന്നും നീതി പുനഃസ്ഥാപിക്കുമെന്നുമായിരുന്നു പോപ്പിന്റെ പ്രസ്താവന. കഴിഞ്ഞ മേയില്‍ അഞ്ച് ചിലിയന്‍ ബിഷപ്പുമാരുടെ രാജി പോപ്പ് സ്വീകരിച്ചിരുന്നു. ഇവരുടെ രാജിയും ലൈംഗിക അപവാദങ്ങളെ തുടര്‍ന്നായിരുന്നു.