ഗാസ സിറ്റി- ഗാസ അതിര്‍ത്തിയില്‍ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയ ഏഴു യുവാക്കള്‍ക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഹമാസ് നേതാക്കളടക്കം ആയിരക്കണക്കിനാളുകളാണ് ഇവരുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തത്. നിരപരാധികളായ സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്രായില്‍ ക്രൂരതക്കെതിരെ മുദ്രാവാക്യം മുഴക്കിയ അവര്‍ നീതി ലഭ്യമാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ അതിര്‍ത്തി വേലി ഭേദിച്ചതിനും സൈനിക പോസ്റ്റ് ആക്രമിച്ചതിനുമാണ് അഞ്ച് ഫലസ്തീനികളെ വെടിവെച്ച് കൊന്നതെന്ന് ഇസ്രായില്‍ സൈന്യം ന്യായീകരിച്ചു. സ്‌ഫോടക വസ്തു വെച്ച് അതിര്‍ത്തി വേലിയുടെ ഒരു ഭാഗം തകര്‍ത്ത 20 ഫലസ്തീനികള്‍ അതിര്‍ത്തി കടന്നിരുന്നുവെന്നും സംഘടിത ആക്രമണമായിരുന്നു ഇതെന്നും സൈനിക വക്താവ് ജോനാതന്‍ കോണ്‍റിക്കസ് പറഞ്ഞു.
അതിര്‍ത്തിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നുവെന്നും ഏഴ് യുവാക്കളെ സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഹ്്മദ് അല്‍ തവീല്‍ (27), മുഹമ്മദ് ഇസ്മായില്‍ (29), അഹ്്മദ് അബു നഈം(17), അബ്ദുല്ല ദഗ്്മ(25), അഫീഫി അത്ത അഫീഫി (18), താമര്‍ അബു അര്‍മാന (25), മുഹമ്മദ് അബ്ബാസ് (21) എന്നിവരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ 14,000 കലാപകാരികള്‍ പങ്കെടുത്തുവെന്നാണ് ഇസ്രായില്‍ സേന ആരോപിച്ചത്. മാര്‍ച്ച് 30ന് അതിര്‍ത്തിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ച ശേഷം ഇതുവരെ 205 ഫലസ്തീനികളെയാണ് ഇസ്രായില്‍ വകവരുത്തിയത്.