അബുദാബി- പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച യു.എ.ഇ ഉപഗ്രഹം ബഹിരാകാശത്തേക്ക് ഒക്ടോബര്‍ 29 ന് കുതിച്ചുയരും. ജപ്പാനിലെ തനെഗഷിമ ദ്വീപില്‍നിന്നാണ് ഉപഗ്രഹം പറന്നുയരുക. ഇതിനായി ഖലീഫ സാറ്റ് എന്ന് പേരുള്ള ഉപഗ്രഹം ജപ്പാനിലെത്തിച്ചു.
തനംഗഷിമയിലേക്കുള്ള ഖലീഫ സാറ്റിന്റെ യാത്ര, മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. വിമാനത്തില്‍നിന്ന് ഉപഗ്രഹം പുറത്തിറക്കുന്ന ദൃശ്യങ്ങളും ഇതില്‍പെടുന്നു. തുടര്‍ന്ന് ഒരു കപ്പലില്‍ കയറ്റിയാണ് ദ്വീപിലേക്ക് കൊണ്ടുപോയത്.
യു.എ.ഇയില്‍ പൂര്‍ണമായും നിര്‍മിച്ച ഖലീഫ സാറ്റിന്റെ വിക്ഷേപണത്തെ അഭിമാനത്തോടെ കാത്തിരിക്കുകയാണ് രാജ്യം. ബഹിരാകാശ ഗവേഷണ രംഗത്ത് അടുത്തകാലത്തായി യു.എ.ഇ വലിയ ശ്രദ്ധയാണ് പതിപ്പിക്കുന്നത്. സ്പേസ് സ്റ്റേഷനിലേക്ക് കുതിക്കാനൊരുങ്ങിയ രണ്ട് എമിറാത്തി യുവാക്കള്‍ പരിശീലനത്തിലാണ്.