പത്തനംതിട്ട- ശബരിമല യുവതി പ്രവേശനത്തിന് സർക്കാർ അനുമതി നൽകിയാൽ ശബരിമലയിലേക്ക് താൻ ഇനി പോകില്ലെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചൈതന്യമില്ലാത്ത അയ്യപ്പനെ കണ്ട് തൊഴുതാൽ ഐശ്വര്യം ലഭിക്കില്ല. സ്ത്രീകൾ ശബരിമലയിൽ പോയാൽ അവിടുത്തെ ആചാരങ്ങൾക്ക് മാറ്റം ഉണ്ടാകും. അതുകൊണ്ട് അയ്യപ്പന്റെ ഫോട്ടോ വീട്ടിൽവെച്ച് പ്രാർത്ഥിക്കുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് ഇത്രയും തിടുക്കം. ഇതിനെതിരായി 16 ന് സെക്രട്ടറിയേറ്റ് പടിക്കലും 17 ന് പമ്പയിലും പ്രാർഥനായജ്ഞം നടത്തും.
സർക്കാർ സ്വയം ഉണ്ടാക്കിയ പ്രളയത്തിന്റെ കെടുതി തീർക്കാതെ ശബരിമലയുടെ പിന്നാലെ പോകുന്നത് ദുരൂഹത വർധിപ്പിക്കുകയാണ്. ഭക്തരുടെ മുന്നേറ്റം ശക്തമായപ്പോൾ ദേവസ്വം ബോർഡിന്റെ തലയിൽ കുറ്റം കെട്ടിവെയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് തുലാം ഒന്നിന് വിളക്ക് കത്തിച്ച് പ്രാർത്ഥന നടത്തും. ഏത് പ്രാർത്ഥനയും ചെയ്യേണ്ടത് ചെയ്യേണ്ട പോലെ ചെയ്യ്താൽ പ്രയോജനം ലഭിക്കും.
ശബരിമല പ്രശ്‌നം ആളിക്കത്തിച്ച് ചോരയുടെ നിറത്തിൽ പമ്പ ഒഴുക്കരുത്. ഒരിക്കലും നടക്കുമെന്ന് ചിന്തിക്കാത്ത ഹൈന്ദവ ഐക്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിശ്വാസികൾ ഉള്ള കുടുംബത്തിൽ നിന്ന് യുവതികളെ ശബരിമലയിലേക്ക് വിടില്ല. അതുകൊണ്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് വേണ്ടി നിലകൊള്ളണമെന്നും ഓർഡിനൻസ് ഇറക്കി ഭക്തജനങ്ങളെ രക്ഷിക്കണമെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ ഉണ്ടായ സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ ആഗ്രഹിച്ചതാണ്. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലം മുതൽ ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചതാണ്. അതിന് ശേഷം വന്ന ഉമ്മൻ ചാണ്ടി സർക്കാർ ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് എതിരായ ഹരജി നൽകി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ദേവസ്വം മന്ത്രി വി.എസ്. ശിവകുമാർ എന്നിവരുമായി ആലോചിച്ചാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ശബരിമലയുമായി ബന്ധപ്പെട്ട തെളിവുകൾ ഇല്ലാതെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിൽ ഭക്തർക്ക് പ്രതിഷേധമുണ്ട്. വിശ്വാസവും നിയമവും ഒരുമിച്ചുള്ള വിധിയെ ഭക്തർ സ്വാഗതം ചെയ്യും. ഇങ്ങനെയുള്ള ഒരു വിധി ജസ്റ്റിസ് ഇന്ദു മൽഹോത്ര പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതിന് യാതൊരു വിധ വിലയും കൽപിക്കപ്പെട്ടില്ലെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
വിശ്വാസികളുടെ വിശ്വാസം കാത്തു സൂക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ശബരിമല ആചാര സംരക്ഷണ സമിതിയുടെ രക്ഷാധികാരി എന്ന നിലയിൽ എല്ലാവരുമായി സംസാരിച്ച് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒരു കോടി ഭക്തർ ഒപ്പിട്ട ഒരു ഭീമ ഹരജി കെ.സി. വേണുഗോപാൽ എം. പിയുടെ സാന്നിധ്യത്തിൽ നൽകിയെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. മാന്ത്രിക പൂജകളും മാന്ത്രിക ആചാരങ്ങളും മറ്റുള്ളയിടങ്ങളിൽ നടക്കുമ്പോൾ ശബരിമലയിൽ ആചാര അനുഷ്ഠാനങ്ങളാണ് നടക്കന്നത്. നൂറ്റാണ്ടുകളായി നടന്നു വന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റുമ്പോൾ ഋഷി തുല്യരായവരുമായും തന്ത്രിന്മാരുമായും കൂടിയാലോചന നടത്തണമായിരുന്നുവെന്നും പ്രയാർ ഗോപാല കൃഷ്ണൻ പറഞ്ഞു. വിശ്വാസികളുടെ അഭിപ്രായം അറിയാതെയാണ് സർക്കാർ സുപ്രീം കേടതിയിൽ നിലപാട് വ്യക്തമാക്കിയത്. അതുകൊണ്ട് അതിശക്തമായ നിലപാടുമായി വിശ്വാസികൾ മുന്നോട്ട് പോകും. ഇപ്പോൾ രാഷ്ട്രീയമില്ലാതെ മുന്നോട്ട് പോകുന്ന പ്രാർത്ഥന ഘോഷയാത്രകളിൽ രാഷ്ട്രീയ കൊടി കയറ്റുന്നത് അംഗീകരിക്കാൻ സാധ്യമല്ല. വൈകാരികമായ മുന്നേറ്റമാണ് ഇവിടെ ഇപ്പോൾ നടക്കുന്നതെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇപ്പോഴത്തെ സുപ്രീം കോടതി വിധിയെ വിശ്വാസികൾ അംഗീകരിക്കില്ല. ജീവത്യാഗത്തിന് പോലും തയ്യാറായിട്ടാണ് അവർ നിൽക്കുന്നത്.കേന്ദ്ര സർക്കാർ ഓഡിനൻസോ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും റിവ്യൂ ഹരജിയോ കൊടുത്തില്ലെങ്കിൽ വിശ്വാസികളുടെ പ്രതിഷേധങ്ങളുടെ രീതി മാറും. ദേവസ്വം ബോർഡിനോട് വിശ്വാസികൾ കലിതുള്ളി നിൽക്കുകയാണെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.സർക്കാർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വിശ്വാസികളുടെ ഇപ്പോഴത്തെ ഘോഷയാത്രകൾ സമരങ്ങൾ ആയി മാറും. മുസ്‌ലികളും മറ്റു സമുദയങ്ങളും ഇതിൽ പങ്കാളികളാകും. ഉറങ്ങിക്കിടന്ന വിശ്വാസ സമൂഹത്തെ സട കുടഞ്ഞ് എഴുന്നേൽപിക്കാൻ കാരണക്കാർ സർക്കാർ ആണെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
വിശ്വാസികൾ കാണിക്ക ഇടുന്നതുകൊണ്ടാണ് ദേവസ്വം ബോർഡ് നിലനിൽക്കുന്നത്. ആ ചിന്ത സർക്കാരിന് വേണം. വിശ്വാസികളെക്കൊണ്ട് കാണിക്ക ഇടിയിക്കാത്ത അവസ്ഥ ഉണ്ടാക്കരുത്. ധീരമായ നടപടികളിലേക്ക് വിശ്വാസികൾ പോകുന്നതിന് മുൻപ് റിവ്യൂ ഹരജി നൽകാൻ സർക്കാർ തയ്യാറാകണം.ഈ നിലപാട് തുടർന്നാൽ ദേവസ്വം ബോർഡ് പിരിച്ചുവിടുന്നതായിരിക്കും നല്ലതെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഭക്തർ ശബരിമല വിധിക്കെതിരെ രംഗത്ത് വന്നപ്പോൾ ചിലർ രാഷ്ട്രീയ കൊടിയുമായി രംഗത്ത് വന്നിട്ടുണ്ട്. വിശ്വാസികളെ അവരുടെ വഴിക്ക് വിടണം. ശബരിമലയെ തായ്‌ലാന്റോ വിനോദ സഞ്ചാര മേഖലയോ ആക്കരുതെന്നും അങ്ങനെ വന്നാൽ പുലിയും പുരുഷനും പിടിക്കുന്ന അവസ്ഥയുണ്ടാകുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.