ന്യൂദല്‍ഹി- വസ്ത്രധാരണത്തെകുറിച്ചും ശരീരഭാരത്തെ കുറിച്ചും സമൂഹ മാധ്യമങ്ങളിലൂടെ ഉപദേശം നല്‍കിയ ട്രോളന്മാര്‍ക്ക് ടെന്നീസ് താരം സാനിയ മിര്‍സയുടെ ചുട്ട മറുപടി. ഗര്‍ഭ കാലത്തെ കുറിച്ച് ട്വിറ്ററിലൂടെയുള്ള ഉപദേശങ്ങള്‍ അരോചകമായി തുടങ്ങിയപ്പോഴാണ് സാനിയയുടെ രൂക്ഷ പ്രതികരണം.
ഗര്‍ഭം ഒരു രോഗമല്ലെന്ന് ഉപദേശികളായി വരുന്ന ട്രോളന്മാര്‍ക്ക് സാനിയ ട്വിറ്ററില്‍ മറുപടി നല്‍കി. ഭര്‍ത്താവ് ശുഐബ് മാലിക്കിനോടൊപ്പം ബേബി ഷവര്‍ ആഘോഷിക്കുന്ന ചിത്രങ്ങളിലും അശ്ലീലം കണ്ടെത്തി ചിലര്‍ വിമര്‍ശിച്ചിരുന്നു. ഗര്‍ഭിണികളെന്നാല്‍ ഒമ്പതു മാസവും വീടിനുള്ളില്‍ കട്ടിലില്‍ കഴിയണമെന്ന് ചിന്തിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ഉപദേശം എന്ന് എടുത്തു പറഞ്ഞാണ് സാനിയയുടെ വിമര്‍ശനം. നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെയല്ല വന്നത്. സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയെന്നാല്‍ അവര്‍ രോഗികളാകുകയോ തൊട്ടുകൂടാത്തവരാകുകയല്ല ചെയ്യുന്നത്. ഗര്‍ഭിണികളായിരിക്കുന്ന വേളയിലും അവര്‍ സാധാരണ മനുഷ്യരാണ്. അവര്‍ക്കും സാധാരണ ജീവിതം നയിക്കണം- സാനിയ പറഞ്ഞു.
ഭര്‍ത്താവിനും സഹോദരി അനയ്ക്കുമൊപ്പമുള്ള ബേബി ഷവര്‍ ചിത്രങ്ങളാണ് സാനിയ പങ്കുവെച്ചിരുന്നത്. ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശരീരഭാരം വര്‍ധിക്കുക സ്വാഭാവികമാണെന്നും അപ്പോള്‍ വസ്ത്രധാരണത്തില്‍ അല്‍പ്പം കൂടി ശ്രദ്ധവേണമെന്നുമാണ് ട്വിറ്റര്‍ ഉപയോക്താകള്‍ ഉപദേശിച്ചിരുന്നത്.