ന്യൂദല്‍ഹി- മി ടൂ ലൈംഗികാതിക്രമം വെളിപ്പെടുത്തലുകളില്‍ കുരുക്കിലായ കേന്ദ്ര മന്ത്രി എം.ജെ അക്ബറിനെതിരെ ഉയര്‍ന്നു വന്ന ഗുരുത ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. വിദേശി ഉള്‍പ്പെടെ പത്തോളം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തങ്ങള്‍ അക്ബറില്‍ നിന്നും നേരിട്ട ലൈംഗിക പീഡിനങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടും ദിവസങ്ങളോളം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പി പ്രതികരിച്ചിരുന്നില്ല. ഈ ആരോപണങ്ങള്‍ ശരിയാണോ വ്യാജമാണോ എന്നു പരിശോധിക്കേണ്ടതുണ്ടെന്നാണ് ഒടുവില്‍ അമിത് ഷാ പ്രതികരിച്ചത്. വെളിപ്പെടുത്തലുകള്‍ നടത്തി പോസ്റ്റിട്ടവരുടെ സത്യസന്ധത പരിശോധിക്കേണ്ടതുണ്ട്. തീര്‍ച്ചയായും ഇതു പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസങ്ങളായി നൈജീരിയ സന്ദര്‍ശനത്തിലുള്ള അക്ബര്‍ ഞായറാഴ്ച തിരിച്ചെത്തും. നേരത്തെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അക്ബറിനെ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആരോപണങ്ങളില്‍ ഇതുവരെ അക്ബറും പ്രതികരിച്ചിട്ടില്ല. അക്ബറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അദ്ദേഹം തിരിച്ചെത്തുന്നതോടെ പ്രതിഷേധം കനത്തേക്കും. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അക്ബറിനെ പുറത്താക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനം നിര്‍ണായകമാകും.