ബിലാസ്പൂർ- ചത്തീസ്ഗഡിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ബി.ജെ.പിയിൽ ചേർന്നു. പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസിഡന്റ് രാംഡേ ഊകൈയാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ, സംസ്ഥാന മുഖ്യമന്ത്രി രമൺ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. ചിലർ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിടുന്നത് സ്വാഭാവികമാണെന്നും രാംഡേയെ കഴിഞ്ഞദിവസം കണ്ടപ്പോൾ പോലും അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ലെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഭൂപേഷ് ഭാഗെൽ പറഞ്ഞു. പാലി നിയമസഭ മണ്ഡലത്തിൽനിന്ന് നാലു തവണ നിയമസഭയിലേക്ക് എത്തിയ ആളാണ് രാംഡേ. സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കാനിരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളുടെ അന്തിമപട്ടികക്ക് രൂപം നൽകിയിട്ടുണ്ട്. സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. ബി.എസ്.പി നേതാവ് മായാവതി ചത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിക്കുന്ന ദിവസം തന്നെയാണ് രാംഡേ കോൺഗ്രസ് വിടുന്നത്. അടുത്തമാസം 12നാണ് ചത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ തരംഗമാണെന്നും 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സുനാമിയായി ആഞ്ഞുവീശുമെന്നും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞു.