Sorry, you need to enable JavaScript to visit this website.

തിത്‌ലി ചുഴലിക്കാറ്റ്: രക്ഷതേടി ഗുഹയില്‍ ഒളിച്ച 12 ആദിവാസികള്‍ പാറയിടിഞ്ഞ് മരിച്ചു

ഭുവനേശ്വര്‍- തിത്‌ലി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ഒഡീഷയിലെ ഗജപതി ജില്ലയില്‍ രക്ഷതേടി ഗുഹയില്‍ ഒളിച്ച 12 ആദിവാസികള്‍ പാറയിടിഞ്ഞ് വീണു മരിച്ചു. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. നാലു പേരെ കാണായിട്ടുമുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഗജപതി ജില്ലയിലെ റായഗഡ ബ്ലോക്കിനു കീഴില്‍ വരുന്ന ബരഘരയിലാണ് ദുരന്തമുണ്ടായത്. അതിശക്തമായി അടിച്ചു വീശിയ ചുഴലിക്കാറ്റില്‍ ഇവിടുത്തെ ആദിവാസി കുടുംബങ്ങളുടെ കുടിലുകളുടെ മേല്‍ക്കൂര പാറിപ്പോയിരുന്നു. ഇതിനെ തുടര്‍ന്നാണ് 22 കുടുംബങ്ങള്‍ സമീപത്തെ കുന്നിന്‍ചെരുവിലുള്ള ഗുഹയില്‍ അഭയം തേടി കയറിക്കൂടിയത്. എന്നാല്‍ നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച ഉണ്ടായ ശക്തിയേറിയ ഉരുള്‍പ്പൊട്ടലില്‍ പാറയും മണ്ണുമിടിഞ്ഞ് ഗുഹ തകരുകയായിരുന്നു. ഈ ഉരുള്‍പ്പൊട്ടല്‍ 16 ഗ്രാമങ്ങളെ തൂത്തെറിഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് 12 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ തിത്‌ലി ചുഴലിക്കാറ്റില്‍പ്പെട്ട് ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. 

വിദൂര പ്രദേശമായതിനാല്‍ സംഭവം പുറത്തറിയാന്‍ വളരെ വൈകിയതായും അധികൃതര്‍ പറഞ്ഞു. രക്ഷപ്പെട്ട ആറു പേരാണ് പുറത്തെത്തി ദുരന്തം അറിയിച്ചതെന്ന് റായഗഡ ബ്ലോക്ക് അധ്യക്ഷന്‍ ധലേശ്വര്‍ ഭുയാന്‍ പറഞ്ഞു. അടിയന്തിര സഹായത്തിനായി ജില്ലാ കലക്ടറേയും പോലീസിനേയും ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് രക്ഷപ്പെട്ട ഗ്രാമീണര്‍ ആരോപിച്ചു. പോലീസ് സ്റ്റേഷനില്‍ നിന്നു ഒരു പ്രതികരണവും ഉണ്ടായില്ലെന്നാരോപിച്ച് പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുയാണ് ഗ്രാമീണര്‍. മതിയായ നഷ്ടപരിഹാരം നല്‍കാതെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കില്ലെന്നും ഇവര്‍ പറയുന്നു.

അതേസമയം ചുഴലിക്കാറ്റ് ആദ്യം ആഘാതമേല്‍പ്പിക്കുന്ന തീരദേശ മേഖലയിലാണ് ജില്ലാ അധികൃതര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിരുന്നതെന്നും തീരത്തു നിന്നും അകലെ വിദൂര ഗ്രാമങ്ങളില്‍ എത്താനുള്ള ശ്രമത്തിലായിരുന്നു ജില്ലാ അധികൃതരെന്നും ദുരിതാശ്വാസ കമ്മീഷണര്‍ ബിഷ്ണുപാഡ സേത്തി പറഞ്ഞു. 12 പേര്‍ മരിച്ച ദുരന്തമുണ്ടായ ഗ്രാമ ചുഴിലിക്കാറ്റ് ഏറ്റവും വലിയ ആഘാതമേല്‍പ്പിക്കുന്ന 20 കിലോമീറ്റര്‍ മേഖലയ്ക്കുള്ളില്‍ ഉള്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News