ന്യുദല്‍ഹി- ദല്‍ഹിയിലെ ഛാവ്‌ലയില്‍ കോര്‍പറേഷന്‍ ബാങ്ക് ശാഖയിലേക്ക് അതിക്രമിച്ചു കടന്ന തോക്കുധാരികളായ ആറു ആക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാഷ്യറെ വെടിവച്ച് കൊന്ന് മൂന്ന് ലക്ഷം രൂപ കവര്‍ന്നു. പുറത്തിറങ്ങി തുരുതുരെ വെടിയുതിര്‍ന്ന് ആളുകളെ അകറ്റിയ സംഘം ബൈക്കുകളില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. മുന്‍ വ്യോമ സേനാംഗം കൂടിയായ കാഷ്യര്‍ സന്തോഷ് കുമാറാണ് (45) ആക്രമികളുടെ വെടിയേറ്റു മരിച്ചത്. രണ്ടു വെടിയേറ്റ സന്തോഷ് കുമാറിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ആക്രമികളെ തിരഞ്ഞുപിടിക്കാന്‍ പോലീസ് വിവിധ സംഘങ്ങളെ പലയിടത്തേക്കും നിയോഗിച്ചു. ഊര്‍ജ്ജിത തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. ഒരു പതിറ്റാണ്ടിനിടെ ദല്‍ഹിയില്‍ നടക്കുന്ന ആദ്യ ബാങ്ക് കൊള്ളയാണിത്. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെ നടന്ന പകല്‍കൊള്ളയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
മുഖം മൂടിക്കെട്ടി ബാങ്കിലേക്ക് ഇരച്ചു കയറിയ ആക്രമികള്‍ ആദ്യം വാതില്‍ക്കലുണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡിനെ മര്‍ദിക്കുകയും സമീപത്തുണ്ടായിരുന്ന ഇടപാടുകാരെ ഭീഷിപ്പെടുത്തുകയും ചെയ്തു. പ്രതിരോധിക്കാന്‍ ശ്രമിച്ചവരെ മര്‍ദിക്കുകയും ചെയ്തു. മുന്ന് പേര്‍ കാവല്‍ നില്‍ക്കുകയും മറ്റു മൂന്ന് പേര്‍ ചേര്‍ന്ന് ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കൊളള നടത്തിയത്. കൊള്ള ചെറുക്കാന്‍ ശ്രമിച്ച കാഷ്യറെ ആക്രമികള്‍ വെടിവയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സന്തോഷ് കുമാറിന് രണ്ടു വെടികളേറ്റിട്ടുണ്ട്. ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ ആറു ജീവനക്കാരാണ് ഈ സമയം ബാങ്കിലുണ്ടായിരുന്നത്. ചെറുത്താല്‍ വെടിവയ്ക്കാന്‍ മടിക്കില്ലെന്നും ഭീഷണിപ്പെടുത്തിയാണ് ഇവരെ കീഴ്‌പ്പെടുത്തിയത്. സെക്യൂരിറ്റി ജീവനക്കാരന്റെ തോക്കും ആക്രമികള്‍ എടുത്തിട്ടുണ്ട്.
#Exclusive | CCTV visuals of bank robbery. Six men barge into Corporation Bank, shoot cashier dead.
— The Indian Express (@IndianExpress) October 13, 2018
Read more here: https://t.co/BaARWKXBep pic.twitter.com/AbCK7GImxd