കാലിഫോര്‍ണിയ- കഴിഞ്ഞ മാസം ഫേസ്ബുക്കില്‍ അജ്ഞാത ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി നടത്തിയ സൈബര്‍ ആക്രമണം നേരിട്ടു ബാധിച്ചത് 2.9 കോടി യൂസര്‍മാരെ. ഫേസ്ബുക്ക് പ്രോഗ്രാമിലെ പാളിച്ച മുതലെടുത്ത് ഹാക്കര്‍മാര്‍ നടത്തിയ ആക്രമണത്തില്‍ 1.5 കോടി യൂസര്‍മാരുടെ ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍, ലൊക്കേഷന്‍ അടക്കമുള്ള കോണ്ടാക്ട് വിവരങ്ങളും 1.4 കോടി പ്രൊഫൈലുകളില്‍ നിന്ന് ജനന തീയതി, ജോലിസ്ഥലം, വിദ്യാഭ്യാസം, മതം, ഉപയോഗിക്കുന്ന ഡിവൈസ്, ഫോളോ ചെയ്യുന്ന പേജുകള്‍, ഫേസ്ബുക്കില്‍ നടത്ത സെര്‍ച്ചുകള്‍ തുടങ്ങിയ വിവരങ്ങളുമാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഇതിനു പുറമെ നാലു ലക്ഷം യൂസര്‍മാരുടെ പോസ്റ്റുകളും ഫ്രണ്ട്‌സ് ലിസ്റ്റും ഗ്രൂപ്പുകളും ഹാക്കര്‍മാര്‍ക്ക് കണാന്‍ കഴിഞ്ഞു.
ഒമ്പതു കോടിയോളം പ്രൊഫൈലുകളെ ബാധിച്ച സൈബര്‍ ആക്രമണത്തിന്റെ യഥാര്‍ത്ഥ ആഘാതം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫേസ്ബുക്ക് വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. ഫേസ്ബുക്ക് പ്രോഗ്രാമിലെ പാളിച്ച മുതലെടുത്ത് നടത്തിയ ഹാക്കിങിന് ഇവര്‍ ഉപയോഗിച്ചത് സ്വമേധയാ പ്രവര്‍ത്തിക്കുന്ന ഒരു പ്രോഗ്രാമാണ്. ഇത് ഓരോ പ്രൊഫൈലിലേയും ഒരു ഫ്രണ്ടില്‍ നിന്ന് മറ്റൊരു ഫ്രണ്ടിലേക്ക് സ്വമേധയാ പടരുകയായിരുന്നു. ഒമ്പത് കോടിയോളം പ്രൊഫൈലുകളാണ് ഇതുമൂലം താനെ ലോഗ് ഔട്ട് ആയത്. ഫേസ്ബുക്കില്‍ ഇതുവരെ ഉണ്ടായ ഏറ്റവും വലിയ ഡാറ്റാ മോഷണമാണ് ഇതെന്നും കമ്പനി പറയുന്നു. ഏതെല്ലാം വിവരങ്ങളാണ് പ്രൊഫൈലില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതെന്ന് ഓരോ യൂസര്‍മാരേയും വരും ദിവസങ്ങളില്‍ നേരിട്ട് അറിയിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.