ഇസ്താംബൂള്‍- ഭീകര സംഘടനയുമായുള്ള ബന്ധത്തെ തുടര്‍ന്ന് രണ്ടു വര്‍ഷമായി തുര്‍ക്കിയില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന അമേരിക്കന്‍ പുരോഹിതന്‍ ആന്‍ഡ്ര്യൂ ബ്രൂണ്‍സനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവായി. ഇദ്ദേഹത്തിന്റെ വീട്ടുതടങ്കലും യാത്രാ നിരോധവും പിന്‍വലിക്കണമെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
തുര്‍ക്കിയിലെ പടിഞ്ഞാറന്‍ പട്ടണമായ അലിയഗയിലെ കോടതി കേസില്‍ ബ്രൂണസന് മൂന്ന് വര്‍ഷവും ഒന്നര മാസവും ജയില്‍ ശിക്ഷ വിധിച്ചെങ്കിലും തടവില്‍ കഴിഞ്ഞ കാലവും മറ്റും കണക്കിലെടുത്ത് വീട്ടുതടങ്കലും യാത്രാ നിരോധവും പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഭീകര സംഘടനയിലെ അംഗത്വം കണക്കിലെടുത്ത് 10 വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണ് നേരത്തെ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 2016 ഒക്ടോബറില്‍ അറസ്റ്റിലായ പുരോഹിതന്റെ വീട്ടുതടങ്കലും യാത്രാ നിരോധവും പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് നിര്‍ണായകമായി
നാറ്റോ സഖ്യ കക്ഷികളായ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളാകാന്‍ ഈ കേസ് കാരണമായിരുന്നു. തുര്‍ക്കിക്കെതിരെ ഉപരോധം പ്രഖ്യാപിക്കാനും അമേരിക്ക പുരോഹിതന്റെ അറസ്റ്റിനെ ഉപയോഗപ്പെടുത്തിയിരുന്നു. ബ്രൂണ്‍സന് ഉടന്‍ തന്നെ അമേരിക്കയിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് സൂചന.