ചെന്നൈ- കോടികളുടെ റോഡ് നിര്‍മ്മാണ കരാര്‍ ബന്ധുക്കള്‍ക്ക് നല്‍കിയെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്കെതിരായ ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹോക്കോടതി ഉത്തരവിട്ടു. സംസ്ഥാന വിജിലന്‍സാണ് ഈ കേസ് അന്വേഷിക്കുന്നത്. പ്രതിപക്ഷമായ ഡി.എം.കെ നല്‍കിയ പരാതി അടിസ്ഥാന രഹിതമാണെന്ന് ഈയിടെ വിജിലന്‍സ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് കോടതി അറിയിച്ചെങ്കിലും കേസ് സി.ബി.ഐക്ക് കൈമാറാനാണ് കോടതി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട് കോടതി അഭിപ്രായം പറയുന്നില്ലെന്നും ജസ്റ്റിസ് എ.ഡി ജഗദീഷ് ചന്ദിര വ്യക്തമാക്കി. വിജിലന്‍സ് സമര്‍പിച്ച റിപോര്‍ട്ട് തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി. വിജിലന്‍സ് സ്വീകരിച്ച നടപടികളിലും അതൃപ്തി അറിയിച്ചു. ഡി.എം.കെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍.എസ് ഭാരതിയാണ് മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയത്. കേസ് രേഖകളെല്ലാം ഒരാഴ്ച്ചക്കകം സി.ബി.ഐക്കു കൈമാറാനും കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.