Sorry, you need to enable JavaScript to visit this website.

നന്നാവാന്‍ പറഞ്ഞു; മകന്‍ മാതാപിതാക്കളുടെ ജീവനെടുത്തു

ന്യൂദല്‍ഹി-ജീവിതശൈലിയെ ചോദ്യം ചെയ്തതിനാണ് മാതാപിതാക്കളേയും സഹോദരിയേയും കുത്തിക്കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ മകന്‍ സമ്മതിച്ചതായി ദല്‍ഹി പോലീസ് വെളിപ്പെടുത്തി.
ദക്ഷിണ ദല്‍ഹിയിലെ വസന്ത്കുഞ്ജില്‍ ദമ്പതികളും മകളും കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ 19 കാരന്‍ സൂരജിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നിര്‍മാണ കരാറുകാരനായ മിഥിലേഷ് വര്‍മ (48), ഭാര്യ സിയ (38), മകള്‍ നേഹ (16) എന്നിവരാണു  കൊല്ലപ്പെട്ടത്. വസന്ത്കുഞ്ജിലെ കിഷന്‍ഗഡിലുള്ള വീടിനുള്ളിലാണു മൂവരെയും കുത്തേറ്റു മരിച്ച കണ്ടെത്തുകയായിരുന്നു. രണ്ട് പേര്‍ വീട്ടില്‍ കയറി ആക്രമിച്ചതായാണു നിലവിളി കേട്ടെത്തിയ അയല്‍ക്കാരോട് സൂരജ് പറഞ്ഞിരുന്നത്.  വീട്ടിലേക്ക് ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ കാണാതിരുന്നതിനെ തുടര്‍ന്നു പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണു സൂരജ് കുറ്റം സമ്മതിച്ചത്. മോഷണ ശ്രമമാണു കൊലപാതകത്തിനു പിന്നിലെന്നു വരുത്താന്‍ സൂരജ് വീട് അലങ്കോലമാക്കിയിരുന്നു. കൊലപാതകത്തിനു ശേഷം കുളിമുറിയില്‍ സൂരജ് കയ്യും കാലും കൊലക്കത്തിയും കഴുകിയതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതാണു കൊലപാതകത്തിന്റെ ചുരുളഴിച്ചതെന്നും പോലീസ് പറഞ്ഞു.
സൂരജ് മറ്റൊരു സ്ഥലത്തു മുറി വാടകയ്ക്കെടുത്ത് ക്ലാസുകള്‍ ഒഴിവാക്കി കൂട്ടുകാര്‍ക്കൊപ്പം മണിക്കൂറുകളോളം ഓണ്‍ലൈന്‍ വാര്‍ ഗെയിം ആയ പബ്ജി കളിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജീവിത ശൈലി മാറ്റി പഠനത്തില്‍ കേന്ദ്രീകരിക്കാന്‍ മാതാപിതാക്കള്‍ സമ്മര്‍ദം ചെലുത്തിയതിലുള്ള ദേഷ്യമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചത്.
 

Latest News