ന്യൂദൽഹി- അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കർ ആശുപത്രിയിൽ മന്ത്രിസഭ യോഗം വിളിച്ചു. ന്യൂദൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ് മനോഹർ പരിക്കർ. കഴിഞ്ഞമാസം പതിനഞ്ച് മുതലാണ് പരിക്കർ ഇവിടെ ചികിത്സയിൽ കഴിയുന്നത്. ഇന്ന് നടക്കുന്ന യോഗത്തിൽ സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബി.ജെ.പിയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്ര വാദി ഗോമന്ദക് പാർട്ടി(എം.ജി.പി), ഗോവ ഫോർവേർഡ് പാർട്ടി എന്നിവരുമായി ചർച്ച ചെയ്യും. എം.ജി.പി നേതാവും മന്ത്രിയുമായ സുധിൻ ദിവാകർ, ജി.എഫ്.പി നേതാവും മന്ത്രിയുമായ വിജയ് സർദേശായി, റവന്യൂ മന്ത്രി രോഹൻ കൗണ്ടേ, സാംസ്‌കാരിക മന്ത്രി ഗോവിന്ദ് ഗൗഡെ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗോവയിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് കഴിഞ്ഞമാസം ഗവർണറെ കണ്ടിരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും കോൺഗ്രസ് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ സംസ്ഥാനത്ത് ഭരണം പൂർണമായും നിലച്ചതായി ഭരണകക്ഷി അംഗങ്ങൾ തന്നെ ആരോപണം ഉന്നയിക്കുകയും ചെയ്തു.