ന്യൂദല്‍ഹി- ലോക ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മാനവിക മൂലധന സൂചിക റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം നേപ്പാള്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങള്‍ക്കു പിന്നില്‍. 157 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 115ാമതാണ്. ശിശുമരണ നിരക്ക്, വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് ലോക ബാങ്ക് മാനവിക മൂലധന സൂചിക തയാറാക്കുന്നത്. ഇതിനായ പരിഗണിച്ച മാനദണ്ഡങ്ങളില്‍ ഇന്ത്യയേക്കാള്‍ വളരെ പിന്നിലെന്ന് പറയപ്പെടുന്ന അയല്‍ രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയെ കടത്തി വെട്ടിയിരിക്കുന്നത്. സിംഗപൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണ കൊറിയ, ജപാന്‍, ഹോങ്കോങ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളും ആദ്യ സ്ഥാനങ്ങള്‍ നേടി.
എന്നാല്‍ ഈ സൂചിക മാനവിക വികസനത്തിന് നടപ്പാക്കിയ ഇന്ത്യയുടെ സുപ്രധാന ശ്രമങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ധനമന്ത്രാലയം പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വിവിധ ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക ബാങ്ക് റിപോര്‍ട്ട് തള്ളിയത്. ലോക ബാങ്ക് റിപോര്‍ട്ട് കണക്കിലെടുക്കാനാവില്ലെന്നും കുടുതല്‍ മാനവിക വികസന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.