തിരുച്ചിറപ്പള്ളി- 136 യാത്രക്കാരുമായി ദുബായിലേക്ക് പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യാ വിമാനം തിരുച്ചിറപ്പള്ളി എയര്‍പോര്‍ട്ടിലെ ചുറ്റുമതിലിലിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ചക്രമിടിച്ച് മതില്‍ തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചു വിട്ടു. മുംബൈയില്‍ സുരക്ഷിതമായി ഇറങ്ങിയ വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. മുംബൈയില്‍ നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ അടിഭാഗത്ത് നിസ്സാര കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മുംബൈയില്‍ നിന്നും ദുബായിലെത്തിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്തിലെ പൈലറ്റിനേയും കോ പൈലറ്റിനേയും ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി. ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി.ജി.സി.എയും അന്വേഷിക്കും. മുംബൈയില്‍ നടത്തിയ വിശദ പരിശോധനയില്‍ വിമാനത്തിന് സാരമായ കേടുപാടുകളൊന്നുമില്ലെന്നും പറക്കാന്‍ അനുയോജ്യമാണെന്നും എഞ്ചിനീയര്‍മാര്‍ അറിയിച്ചു.
ടേക്ക് ഓഫിനിടെ റണ്‍വേയും കടന്നു പോയതായി സംശയമുണ്ടെന്നും ഇതൊ കൊണ്ടാകാം ചക്രങ്ങള്‍ മതിലില്‍ ഇടിച്ചതെന്നും ഒരു മുതിര്‍ന്ന എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിമാനത്തിന്റെ ഒരു ആന്റിനയുടെ ഭാഗം സമീപത്തു നിന്ന് ലഭിച്ചെന്നും ഇക്കാര്യം പൈലറ്റിനെ അറിയിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും മറ്റൊരു ഓഫീസര്‍ പറഞ്ഞു.