Sorry, you need to enable JavaScript to visit this website.

എം.ജെ. അക്ബറിന്റെ രാജിക്ക് സമർദമേറുന്നു

ന്യൂദൽഹി- ഏഴു വനിതകൾ ഉയർത്തിയ ലൈംഗിക ആരോപണങ്ങളിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്റെ രാജിക്ക് സമർദമേറുന്നു. മന്ത്രി വിശദീകരണം നൽകണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്നെ രംഗത്തെത്തി. ആരോപണങ്ങളിൽ തന്റെ നിലപാട് എന്താണെന്ന് മന്ത്രി വ്യക്തമാക്കണം. വിഷയത്തിൽ അദ്ദേഹം പ്രസ്താവനയിറക്കണം. താൻ കണ്ടിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല. എന്നാൽ ആരോപണം ഉയർത്തുന്ന വനിതകളെ കരിതേച്ചു കാണിക്കുന്നത് ശരിയല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ വനിതകൾ അധിക്ഷേപത്തിനിരയാകാൻ ഇടവരരുതെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. അക്ബറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന് കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. 
അതേസമയം, വ്യാപക ലൈംഗിക ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ സന്ദർശനം വെട്ടിച്ചുരുക്കി അടിയന്തരമായി മടങ്ങിയെത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചുവെന്ന വാർത്തകൾ സർക്കാർ വൃത്തങ്ങൾ നിഷേധിച്ചു. മന്ത്രി സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച തിരിച്ചെത്തും. ആരോപണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയമായി മുതലെടുക്കുമെന്ന കണക്കുകൂട്ടലാണ് സർക്കാരിനുള്ളത്. വിഷയത്തിൽ ഔദ്യോഗിക പരാതി ഇല്ലെന്നതിനാൽ വിശദീകരണത്തിനോ നടപടികൾക്കോ ധാർമിക ഉത്തരവാദിത്തം മാത്രമേ ഉള്ളൂവെന്നാണ് ന്യായീകരണം.
അതിനിടെ, മി ടൂ കാമ്പയിന് അനുകൂലമായി ആർ.എസ്.എസിന്റെ പ്രധാന നേതാക്കളിലൊരാളായ ദത്താത്രേയ ഹൊസബുളെയും രംഗത്തെത്തി. ദുരനുഭവങ്ങൾ തുറന്നു പറയുന്ന വനിതകൾക്ക് പിന്തുണ നൽകണമെന്നാണ് അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കിയത്. ആർ.എസ്.എസിനും മോഡി സർക്കാരിനുമിടയിലെ പ്രധാന മധ്യവർത്തിമാരിൽ ഒരാളാണ് ദത്താത്രേയ ഹൊസബുളെ. 
വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തു പ്രവർത്തിച്ച കാലത്ത് എം.ജെ. അക്ബർ ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണങ്ങളുമായി ഏഴ് വനിതാ മാധ്യമ പ്രവർത്തകരാണ് രംഗത്തെത്തിയത്. മി ടൂ കാമ്പയിന്റെ ഭാഗമായാണ് മന്ത്രിക്കെതിരായ ആരോപണങ്ങൾ വനിതകൾ സോഷ്യൽ മീഡിയകളിലൂടെ തുറന്നു പറഞ്ഞത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രിപദം രാജിവെച്ചൊഴിയണോ എന്ന വിഷയം മോഡി സർക്കാർ അക്ബറിനു തന്നെ വിട്ടുകൊടുക്കുമെന്നാണ് വിവരം.  
മന്ത്രിക്കെതിരായി ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വരുന്നതിൽ മറ്റു മന്ത്രിമാരുടെ ഇടയിലും ബി.ജെ.പി നേതാക്കൾക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ബുധനാഴ്ച ചേർന്ന കാബിനറ്റ് യോഗത്തിൽ വിഷയം ചർച്ചയായില്ലെങ്കിലും മന്ത്രിമാർ വിഷയത്തിൽ അനൗദ്യോഗിക ചർച്ചകൾ നടത്തി. നൈജീരിയയിൽനിന്നു അക്ബർ തിരിച്ചെത്തിയാൽ ഉടൻ തീരുമാനം എടുക്കും. 
തനിക്കെതിരേ ഉയർന്ന ഗുരുതര ആരോപണങ്ങളെക്കുറിച്ചു അക്ബർ ഇതുവരെ പ്രതികരിച്ചിട്ടില്ല. വനിതാ ശാക്തീകരണത്തിന്റെ പേരിൽ നിരവധി വാദ്ഗാനങ്ങൾ നടത്തുന്ന മോഡി സർക്കാർ മന്ത്രി ഉൾപ്പെട്ട ലൈംഗിക ആരോപണ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.
മി ടൂ കാമ്പയിനോട് അനുകൂലമായി പ്രതികരിച്ച ബി.ജെ.പിയിലെ വനിതാ നേതാക്കൾ അക്ബറിനെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാൻ തയാറായില്ല. മി ടൂ കാമ്പയിൻ തൊഴിലിടങ്ങളിലെ ചൂഷണങ്ങൾ ഇല്ലാതാക്കുമെന്നാണ് ബി. ജെ.പി മന്ത്രി ഉമാ ഭാരതി പറഞ്ഞത്. ഇതേ കാഴ്ചപ്പാട് തന്നെയാണ് ബി.ജെ.പി എം.പി മീനാക്ഷി ലേഖിയും പങ്കുവെച്ചത്. കാമ്പയിൻ വനിതകളുടെ അവകാശത്തെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാൻ വഴിയൊരുക്കുമെന്നാണ് യുവമോർച്ച ദേശീയ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ പൂനം മഹാജൻ പറഞ്ഞത്. 

 

Latest News