തിരുവനന്തപുരം - പീഡന പരാതിയിൽ ഷൊർണൂർ എം. എൽ.എ പി.കെ. ശശിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തിൽ സമർപ്പിക്കും. ഗൂഢാലോചനയുണ്ടെന്ന പി.കെ. ശശിയുടെ പരാതിയിലും നടപടി ഉണ്ടായേക്കും. മന്ത്രി എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനാണ് റിപ്പോർട്ട് സമർപ്പിക്കുക. ശശിക്കെതിരെ നടപടിയുണ്ടാവുമെന്നാണ് വിവരം.
ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ പരാതിയിലാണ് പാർട്ടി അന്വേഷണം നടന്നത്. ഓഗസ്റ്റ് പതിനാലിനാണ് യുവതി ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്. ഡി.വൈ.എഫ്.ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
ശശിക്കെതിരെയുള്ള പരാതി പോലീസിന് നൽകാതെ പാർട്ടിക്കുള്ളിൽ തന്നെ അന്വേഷിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ആരോപണങ്ങളെല്ലാം ശശി തള്ളുകയായിരുന്നു.