ബംഗളുരു- മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന ബി.എസ്.പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരില്‍ മന്ത്രിയായ ബി.എസ്.പി നേതാവ് എന്‍ മഹേഷ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ തന്റെ മണ്ഡലമായ കൊല്ലെഗലില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് പദവി ഒഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന മഹേഷ് താന്‍ സഖ്യ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി. നവംബര്‍ മൂന്ന് നടക്കുന്ന ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജിക്കു മുമ്പ് പാര്‍ട്ടി അധ്യക്ഷ മായാവതിയുമായി കൂടിയാലോചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മായാവതി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് നേരത്തെ മഹേഷ് വ്യക്തമാക്കിയിരുന്നു. ഉത്തര്‍ പ്രദേശിനു പുറത്തെ ബി.എസ്.പിയുടെ ആദ്യ മന്ത്രിയായിരുന്നു മഹേഷ്.