ന്യൂദൽഹി- കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള പോര് മുറുകുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ അറുപത് ലക്ഷത്തോളം വ്യാജ വോട്ടർമാരുണ്ടെന്ന് കോൺഗ്രസ് സുപ്രീം കോടതിയിൽ ആരോപിച്ചു. എന്നാൽ പഴയ വോട്ടർപട്ടികയാണ് കോൺഗ്രസ് ഹാജരാക്കിയതെന്നും അപാകതകൾ പരിഹരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ കമൽനാഥ്, സചിൻ പൈലറ്റ് എന്നിവരാണ് വ്യാജ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കോൺഗ്രസ് ജൂൺ മൂന്നിന് പരാതി നൽകിയിരുന്നുവെന്നും അഞ്ചു ദിവസത്തിനകം ഈ പ്രശ്‌നം പരിഹരിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഇതേതുടർന്ന് കേസ് വിധി പറയാൻ മാറ്റി.
അതേസമയം, ഒരു ബൂത്തിൽതന്നെ ഒരാളുടെ ചിത്രം ഉപയോഗിച്ച് 36 പേരാണ് വോട്ടർപട്ടികയിൽ ചേർന്നിരിക്കുന്നതെന്ന് കോൺഗ്രസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, വിവേക് തൻഹ എന്നിവർ പറഞ്ഞു. ഇത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.